ദുബായ്: ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടിലേക്കിറങ്ങുന്നത്. സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തുടക്കമാവും. നിലവിലെ ചാംപ്യന്‍ന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് മത്സരം. മുംബൈയെ രോഹിത് ശര്‍മയും ചെന്നൈയെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുമാണ് നയിക്കുന്നത്. 

കഴിഞ്ഞ തവണ അവസാന ഓവറിലെ ആറാം പന്തിലാണ് മുംബൈ ചെന്നൈയെ മറികടന്നത്. ഇത്തവണ തുടക്കം ഇവര്‍ തമ്മിലുള്ള മത്സരത്തോടെയാണ്. ഉദ്ഘാടന മത്സരത്തില്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മുംബൈ ഇന്ത്യന്‍സിനാണ് മുന്‍തൂക്കമെന്നാണ് ഗംഭീര്‍ പറയുന്നത്. അതിനദ്ദേഹം കാരണവും നികത്തുന്നുണ്ട്. ''ബാറ്റിങ് ഓര്‍ഡര്‍ തൊട്ടുതുടങ്ങുന്നു ചെന്നൈയുടെ പ്രശ്‌നങ്ങള്‍. മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍ ഒരുപാട് നാളായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ഓപ്പണറായി കളിക്കുന്ന അദ്ദേഹം ജസ്പ്രീത് ബൂമ്ര, ട്രന്റ് ബോള്‍ട്ട് എന്നിവരെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. മൂന്നാം നമ്പര്‍ സ്ഥാനവും ചെന്നൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തും.

പരിചയ സമ്പന്നനായ സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത് ചെന്നൈയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. മാത്രമല്ല, മുംബൈ ഇന്ത്യന്‍സിന്റെ സ്‌ക്വാഡ് ഡെപ്ത്ത് വളരെ മികച്ചതാണ്. മുംബൈയെ സിഎസ്‌കെയേക്കാള്‍ മികച്ചതാക്കുന്നതും ഇ്ക്കാര്യം തന്നെ.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.