ദില്ലി: ഐപിഎല്‍ ടൂര്‍ണമെന്റ് പാതി പിന്നിട്ടിരിക്കെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ദിനേശ് കാര്‍ത്തിക്കിനെ മാറ്റിയതില്‍ തുറന്നടിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇയാന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കിയതുകൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ലെന്ന് അദ്ദേഹത്തിന് മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു. 

'ക്രിക്കറ്റില്‍ ബന്ധങ്ങളല്ല, മറിച്ച് പ്രകടനവും സത്യസന്ധതയുമാണ് പ്രധാനം. മോര്‍ഗന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അദ്ദേഹത്തിനെ ക്യാപ്റ്റനാക്കിയിരുന്നെങ്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചേനേ. ടൂര്‍ണമെന്റിന്റെ ഇടക്ക് മാറ്റം വരുത്തിയതിനാല്‍ മെച്ചപ്പെട്ട ആരുമില്ല. ക്യാപ്റ്റനും പരിശീലകനും നല്ല ബന്ധമുണ്ടാകുന്നത് ഗുണം ചെയ്യും'-ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

മുംബൈക്കെതിരെയുള്ള മത്സരത്തിന്റെ മുമ്പാണ്  കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനെ സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ചുമതല ഇംഗ്ലീഷ് താരം മോര്‍ഗന് നല്‍കി. എന്നാല്‍, മുംബൈക്കെതിരെയുള്ള മത്സത്തില്‍ തലമാറ്റവും കൊല്‍ക്കത്തക്ക് ഗുണം ചെയ്തില്ല. അബൂദാബിയില്‍ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍വി ഏറ്റുവാങ്ങിയത്.