യഷ് ദയാല്‍ എറിഞ്ഞ ഓവറിലായിരുന്നു റിങ്കുവിന്‍റെ ഈ ബാറ്റിംഗ് താണ്ഡവം. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിജയത്തിനൊടുവില്‍ റിങ്കു സിംഗ് തലയുയര്‍ത്തി മടങ്ങിയപ്പോള്‍ മുഖംപൊത്തി കരയുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ യഷ് ദയാല്‍

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ത്രില്ലര്‍ ഫിനിഷിംഗുകളില്‍ ഒന്നിനാണ് ഈ സീസണിലെ കെകെആര്‍ - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 205 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് പന്തുകള്‍ സിക്‌സറടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് റിങ്കു സിംഗ് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

യഷ് ദയാല്‍ എറിഞ്ഞ ഓവറിലായിരുന്നു റിങ്കുവിന്‍റെ ഈ ബാറ്റിംഗ് താണ്ഡവം. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിജയത്തിനൊടുവില്‍ റിങ്കു സിംഗ് തലയുയര്‍ത്തി മടങ്ങിയപ്പോള്‍, മുഖംപൊത്തി കരയുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ യഷ് ദയാല്‍. ഇതിന് ശേഷം യഷ് ഐപിഎല്ലില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇപ്പോള്‍ താരത്തിന്‍റെ ആരോഗ്യ നിലയെ കുറിച്ച് സുപ്രധാനമായ അറിയിപ്പ് നല്‍കിയിരിക്കുകയാണ് ടീം നായകൻ ഹാര്‍ദിക് പാണ്ഡ്യ.

യഷ് ഇനി ഈ സീസണില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് ഹാര്‍ദിക് പറഞ്ഞു. ആ മത്സരത്തിന് ശേഷം അസുഖം ബാധിച്ച യഷിന് 7-8 കിലോ കുറഞ്ഞു. ആ സമയത്ത് വൈറൽ അണുബാധയുടെ വ്യാപനമുണ്ടായിരുന്നു, കൂടാതെ അദ്ദേഹം നേരിട്ട സമ്മർദ്ദം ആരോഗ്യം മോശമാക്കി. ഈ അവസ്ഥയില്‍ അദ്ദേഹത്തിന് കളിക്കാൻ ഇറങ്ങാൻ ആവില്ല.

ആരുടെയെങ്കിലും നഷ്ടം ദിവസാവസാനം മറ്റൊരാള്‍ക്ക് നേട്ടം ആവുകയാണ് ചെയ്യുക. അവനെ കളിക്കളത്തിൽ കാണാൻ ഇനി ഒരുപാട് സമയമെടുക്കുമെന്നും ഹാര്‍ദിക് പറഞ്ഞു. യഷ് ദയാലിന് പകരം മോഹിത് ശര്‍മയെ പരീക്ഷിച്ച് ഗുജറാത്ത് ടൈറ്റൻസ് വിജയം കണ്ടെത്തിയിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് താരം ഇതുവരെ ആറ് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസിനെ 55 റണ്‍സിന് പരാജയപ്പെടുത്തി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടീം ഇപ്പോഴുള്ളത്. 

ഹീറോയായി വന്ന താരത്തെ സിക്സിന് പറത്തി അര്‍ജുൻ; അപ്രതീക്ഷിത അടി വിശ്വസിക്കാനാകാതെ ഞെട്ടി ബൗളർ, വീഡിയോ