മുംബൈ: ഐപിഎല്ലില്‍ ഒന്നോ രണ്ടോ ഇന്നിംഗ്സുകളില്‍ മികച്ച പ്രകടനം നടത്തുകയും പിന്നീട് നിറം മങ്ങുകയും ചെയ്യുമെന്നത് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണെതിരെ വിമര്‍ശകര്‍ സ്ഥിരമായി ഉന്നയിക്കുന്ന ആക്ഷേപമാണ്. ഇത്തവണ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സഞ്ജു പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും കുറഞ്ഞ സ്കോറിന് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇതോടെ സ്ഥിരതയില്ലെന്ന ആക്ഷേപത്തിന് ശക്തികൂടുകയും ചെയ്തു. എന്നാല്‍ സ്ഥിരതയില്ല എന്ന ആരോപണത്തോട് ചെന്നൈക്കെതിരായ മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു പ്രതികരിച്ചു.

സഞ്ജുവിന്‍റെ വാക്കുകള്‍- ടി20 ഫോര്‍മാറ്റില്‍ അത് സ്വാഭാവികമാണ്. കാരണം ഐപിഎല്ലില്‍ നമ്മള്‍ റിസ്കെടുത്ത് ഷോട്ടുകള്‍ കളിക്കേണ്ടതുണ്ട്. സെഞ്ചുറിയടിച്ച ആദ്യ കളിയിലും ഒരുപാട് റിസ്കി ഷോട്ടുകള്‍ ഞാന്‍ കളിച്ചിരുന്നു. അങ്ങനെയാണ് സെഞ്ചുറി അടിച്ചതും. അതുകൊണ്ടുതന്നെ ആ ദിവസം എങ്ങനെ കളിക്കുന്നു നിങ്ങളുടെ സമീപനം എന്താണ് എന്നതിനെ ആശ്രയിച്ചാണത്. ആഗ്രഹിക്കുന്ന രീതിയില്‍ ബാറ്റ് ചെയ്യാനാണ് ഞാന്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍റെ ഷോട്ടുകള്‍ ഞാന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ പരാജയങ്ങളെ അതിന്‍റേതായ രീതിയില്‍ ഉള്‍ക്കൊള്ളാനും എനിക്കാവും. വരും മത്സരങ്ങളില്‍ ടീമിന്‍റെ വിജയത്തില്‍ കൂടുതല്‍ സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷ-ചെന്നൈക്കെതിരായ തോല്‍വിക്കുശേഷം സഞ്ജു പറഞ്ഞു.

ഐപിഎല്ലില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം എപ്പോഴും ഉണ്ടാകും. ചിലപ്പോള്‍ അത് അതിജീവിക്കും. ചിലപ്പോള്‍ പരാജയപ്പെടും. ഐപിഎല്‍ ദൈര്യഘ്യമേറിയ ടൂര്‍ണമെന്‍റാണ്. തുടര്‍ച്ചയായി 14 മത്സരങ്ങളാണ് കളിക്കേണ്ടത്. അതുകൊണ്ടുതന്നെ അതില്‍ ചിലതില്‍ പരാജയപ്പെടുന്നതൊക്കെ സ്വാഭാവികമാണ്. ടീമെന്ന നിലയില്‍ എത്രത്തോളം മികച്ചു നില്‍ക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം-സ‍ഞ്ജു പറഞ്ഞു.

ചെന്നൈക്കെതിരായ മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മ‍ഞ്ഞുവീഴ്ച ഉണ്ടാകുന്നത് ബാറ്റിംഗ് അനായാസമാക്കുമെന്ന് പ്രതീക്ഷിച്ചാണ് ടോസ് നേടിയപ്പോള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. എന്നാല്‍ പ്രതീക്ഷിച്ച മ‍ഞ്ഞുവീഴ്ച ഇല്ലാതിരുന്നത് ചേസിംഗ് ദുഷ്കരമാക്കിയെന്നും സഞ്ജു പറഞ്ഞു.