സിഡ്‌നി: കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനം ആവേശമാകും എന്നുറപ്പായി. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമുള്ള പരിമിത ഓവര്‍ പരമ്പരകളിലെ അഞ്ച് മത്സരങ്ങള്‍ക്കുള്ള മുഴുവന്‍ ടിക്കറ്റുകളും വില്‍പന ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഏകദിനത്തിനുള്ള 2000 ടിക്കറ്റുകള്‍ മാത്രമാണ് വില്‍പന ആരംഭിച്ച് ആദ്യദിനത്തിന് ശേഷം അവശേഷിച്ചത്.

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന-ടി20 പരമ്പരകള്‍ക്ക് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടും കാൻബറയുമാണ് വേദിയാവുന്നത്. നവംബര്‍ 27ന് സിഡ്‌നിയില്‍ ആദ്യ ഏകദിനത്തോടെ വാശിയേറിയ പോരാട്ടം തുടങ്ങും. സ്റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നത്. നിശ്ചിത ഓവര്‍ പരമ്പരകള്‍ക്ക് ശേഷം ഡിസംബര്‍ 17 മുതലാണ് നാല് ടെസ്റ്റുകളുടെ പരമ്പര. അഡ്‌ലെയ്‌ഡ്, മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബേന്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഇതില്‍ അഡ്‌ലെയ്‌ഡ് ടെസ്റ്റ് പകലും രാത്രിയുമായാണ് നടക്കുക. 

കോലിയുടെ അഭാവം നികത്തേണ്ടത് അവര്‍ രണ്ട് പേര്‍; താരങ്ങളുടെ പേരുമായി ഹര്‍ഭജന്‍ സിംഗ്

കൊവിഡ് കാലത്ത് ക്രിക്കറ്റ് പുനരാരംഭിച്ച ശേഷം ആദ്യമായി കാണികള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് ഓസ്‌ട്രേലിയയിലായിരിക്കും. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയക്കും പാകിസ്ഥാനും ആതിഥേത്വമരുളിയെങ്കിലും മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു. അടുത്തിടെ യുഎഇയില്‍ അവസാനിച്ച ഐപിഎല്ലിലും കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. എട്ട് മാസത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം മൈതാനത്തിറങ്ങുന്നത്. 

ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത; രോഹിത് ശര്‍മ്മ പരിശീലനം പുനരാരംഭിച്ചു