മുംബൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ വലിയ ആശങ്കകളിലൊന്ന് നായകന്‍ വിരാട് കോലിയുടെ മടക്കമാണ്. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. ഓസ്‌‌ട്രേലിയ പോലൊരു ടീമിനെ അവരുടെ നാട്ടില്‍ നേരിടുമ്പോള്‍ കോലിയുടെ അഭാവം എത്രത്തോളം ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കകളുണ്ട്. എന്നാല്‍ രണ്ട് താരങ്ങള്‍ക്ക് കോലിയുടെ അഭാവം നികത്താന്‍ കഴിയുമെന്ന് ഹര്‍ഭജന്‍ സിംഗ് പറയുന്നു. 

'വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും, എന്നാല്‍ കെ എല്‍ രാഹുലിനെ പോലൊരു താരത്തിന് ഇത് വാതില്‍ തുറക്കും. ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്ന താരമാണ് രാഹുല്‍. കോലി വമ്പന്‍ താരമാണ്, ഓസ്‌ട്രേലിയയില്‍ എത്തിയപ്പോഴൊക്കെ റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. കോലിയുടെ അഭാവം പരമ്പരയില്‍ നമ്മള്‍ മിസ് ചെയ്യും എങ്കിലും മറ്റ് താരങ്ങള്‍ക്ക് മികവിലേക്കുയരാനുള്ള അവസരം കൂടിയാണത്' എന്ന് ഭാജി പറഞ്ഞു. 

കോലി ഇല്ല എന്ന് കരുതി ഇന്ത്യ ചരിത്ര ജയം ആവര്‍ത്തിക്കില്ല എന്ന് പറയാനാവില്ലെന്നും അദേഹം വ്യക്തമാക്കി. 'വിരാട് കോലിയുടെ അഭാവത്തെ ഇങ്ങനെ കണ്ടാല്‍ മതി...കെ എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയും വമ്പന്‍ താരങ്ങളാണ്. ഇരുവര്‍ക്കും സ്വയം തെളിയിക്കാനുള്ള സുവര്‍ണാവസരമാണിത് എന്ന് കരുതിയാല്‍ മതി. ടീമിന് ഇരുവരിലും വിശ്വാസമുണ്ട്. കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തിലെ ജയം ആവര്‍ത്തിക്കാനാണ് ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത് എന്ന കാര്യം മാത്രം ടീം ഓര്‍മ്മിച്ചാല്‍ മതി' എന്നും ഹര്‍ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ തവണ ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ 521 റണ്‍സുമായി മിന്നും ഫോമിലായിരുന്നു ചേതേശ്വര്‍ പൂജാര. അതേസമയം ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് രാഹുല്‍ ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. 14 മത്സരങ്ങളില്‍ 670 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് രാഹുലിനായിരുന്നു. പരമിത ഓവര്‍ ക്രിക്കറ്റിലെ സ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ വീണ്ടും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചത്. ഡിസംബര്‍ 17നാണ് അഡ്‌ലെയ്‌ഡില്‍ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. 

ടെസ്റ്റ് പരമ്പര ജയിച്ചേ തീരൂ; ബുമ്രയുടെയും ഷമിയുടേയും കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ഇന്ത്യ