ചെന്നൈ സൂപ്പര്‍ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെ പകര്‍ത്തപ്പെട്ടതാണ് വീഡിയോ

ചെന്നൈ: ഐപിഎല്‍ സിഎസ്കെ മികവ് തുടരുമ്പോള്‍ എല്ലാ കണ്ണുകളും നീളുന്ന നായകൻ എം എസ് ധോണിയിലേക്കാണ്. ഈ ഐപിഎല്‍ സീസണ്‍ ധോണിയുടേതാണെന്ന തലത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. കൊല്‍ക്കത്തയിലും മുംബൈയിലും ജയ്പുരിലുമൊക്കെ ധോണിയെ കാണാൻ സിഎസ്കെയുടെ മഞ്ഞപ്പട്ടാളം ഇരച്ചെത്തിയിരുന്നു. ഇപ്പോള്‍ ധോണിയെ ചുറ്റിപ്പറ്റിയുള്ള ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇത് 2040ലെ ധോണിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെ പകര്‍ത്തപ്പെട്ടതാണ് വീഡിയോ. എം എസ് ധോണിയുമായി സാമ്യമുള്ള ഒരാള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ജേഴ്സിയും ധരിച്ച് കളി കാണുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത് ട്രൈം ട്രാവലാണോ എന്നൊക്കെയാണ് ആരാധകര്‍ വീഡിയോയോട് പ്രതികരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണ്‍ എം എസ് ധോണിയുടെ അവസാന എഡിഷനായിരിക്കും എന്ന അഭ്യൂഹം ഐപിഎല്‍ 2023 തുടങ്ങും മുമ്പേ സജീവമായിരുന്നു.

View post on Instagram

ഇതോടെയാണ് ആരാധകര്‍ ധോണിയുടെ ഓരോ മത്സരങ്ങളും വിടാതെ കാണാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം വിരമിക്കല്‍ സംബന്ധിച്ചുള്ള കമന്‍റേറ്ററുടെ തമാശ കലര്‍ത്തിയുള്ള ചോദ്യത്തിന് ധോണിയില്‍ നിന്ന് ലഭിച്ച ഉത്തരം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് എതിരെയുള്ള മത്സരത്തിലെ ടോസിനായി വന്നപ്പോള്‍ ഡാനി മോറിസണാണ് ആ ചോദ്യം എടുത്തിട്ടത്. അവസാന സീസണ്‍ എങ്ങനെ ആസ്വദിക്കുന്നു എന്നാണ് മോറിസണ്‍ ചോദിച്ചത്.

എന്നാല്‍, ഇത് കേട്ട് ചിരിച്ച ധോണി നിങ്ങളല്ലേ ഇത് എന്‍റെ അവസാന സീസണ്‍ ആണെന്ന് തീരുമാനിച്ചേ, താൻ അല്ലല്ലോ എന്നാണ് ധോണി പറഞ്ഞത്. നേരത്തെ, ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും നിലപാട് വ്യക്തമാക്കിയിരുന്നു. വിരമിക്കലിനെ കുറിച്ച് എം എസ് ധോണിയൊന്നും സൂചിപ്പിച്ചിട്ടില്ല എന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗിന്‍റെ പ്രതികരണം.

അൽ ഹിലാലിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വമ്പൻ ഓഫർ; മെസിയും സൗദിയിലേക്ക് പറക്കുന്നു? കരാറായതായി റിപ്പോര്‍ട്ട്