ദുബായ്: എ ബി ഡിവില്ലിയേഴ്സ് സൂപ്പര്‍മാനാണെന്ന് എപ്പോഴും പറയുന്നയാളാണ് റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലി. ടീമിനെ ഏത് പ്രതിസന്ധിഘട്ടത്തില്‍ നിന്നും കരകയറ്റാറുള്ള ഡിവില്ലിയേഴ്സിനെ സൂപ്പര്‍മാനെന്ന് വിളിച്ചില്ലെങ്കിലെ അത്ഭുതമുള്ളു. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമല്ല, ഫോട്ടോഗ്രാഫിയിലും താന്‍ സൂപ്പറാണെന്ന് തെളിയിക്കുകയാണ് ആരാധകരുടെ എബിഡി.

ബാംഗ്ലൂര്‍ നായകനായ വിരാട് കോലിയും ഭാര്യും ബോളിവുഡ് നടിയുമായ അനുഷ്കയും പ്രണയാര്‍ദ്രരായി ദുബായിലെ തടാകത്തില്‍ കുളിക്കുന്നതിന്‍റെ ചിത്രം പകര്‍ത്തിയാണ് ഡിവില്ലിയേഴ്സ് തന്‍റെ ഫോട്ടോഗ്രാഫിയിലെ കഴിവുകള്‍ പുറത്തെടുത്തത്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് തന്‍റെ ട്വിറ്ററിലൂടെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്.

പ്രിയ സുഹൃത്ത് എ ബി ഡിവില്ലിയേഴ്സിന് ചിത്രത്തിന്‍റെ ക്രെഡിറ്റ് കൊടുക്കാനും കോലി മറന്നിട്ടില്ല. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇതുവരെ വന്നിട്ടുള്ളതില്‍ വിരുഷ്കയുടെ ഏറ്റവും മനോഹര ചിത്രമാണിതെന്ന കമന്‍റുകളുമായി ആരാധകര്‍ രംഗത്തെത്തി.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ താരങ്ങളില്‍ പലരും ഭാര്യമാരെ കൂടെ കൂട്ടാതിരിരുന്നപ്പോള്‍ കോലിക്കൊപ്പം അനുഷ്ക ദുബായിലേക്ക് പോയിരുന്നു. കോലി-അനുഷ്ക ദമ്പതികള്‍ക്ക് ജനുവരിയില്‍ കുഞ്ഞ് പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍  ഒമ്പത് കളികളില്‍ ആറ് ജയവുമായി കോലിയുടെ ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.