Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ്

ഇരു ടീമിലെയും 21 കളിക്കാരാണ് ഐപിഎല്ലിനായി ദുബായിലെത്തുന്നത്. ക്വാറന്റീനില്‍ ഇളവ് അനുവദിച്ചതോടെ ഐപിഎല്‍ ടീമുകള്‍ക്ക് ആദ്യ മത്സരങ്ങളില്‍ തന്നെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങളെ കളിപ്പിക്കാനാവും.

IPL 2020: Australia and England players to undergo 36-hour quarantine in UAE
Author
Dubai - United Arab Emirates, First Published Sep 17, 2020, 10:33 PM IST

ദുബായ്: ഓസ്ട്രേലിയ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്കുശേഷം ഐപിഎല്ലിനായി ദുബായിലെത്തുന്ന ഇംഗ്ലണ്ട് ഓസ്ട്രേലിയ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് അനുവദിച്ചു. യുഎയിലെത്തുന്നവര്‍ക്ക് ആറ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് നിര്‍ദേശിച്ചിട്ടുള്ളത് എങ്കിലും ഇരുടീമിലെയും കളിക്കാര്‍ ബയോസെക്യുര്‍ ബബ്ബിളില്‍ നിന്ന് വരുന്നതിനാല്‍ 36 മണിക്കൂര്‍ ക്വറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇരു ടീമിലെയും 21 കളിക്കാരാണ് ഐപിഎല്ലിനായി ദുബായിലെത്തുന്നത്. ക്വാറന്റീനില്‍ ഇളവ് അനുവദിച്ചതോടെ ഐപിഎല്‍ ടീമുകള്‍ക്ക് ആദ്യ മത്സരങ്ങളില്‍ തന്നെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങളെ കളിപ്പിക്കാനാവും. 36 മണിക്കൂര്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്ന തീരുമാനം രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ ഹൈദരാബാദ് ടീമുകള്‍ക്കാണ് ഏറെ ഗുണകരമാവുക. രാജസ്ഥാന്റെ നായകനായ സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ക്ക് ഇതോടെ ആദ്യ മത്സരത്തില്‍ തന്നെ കളത്തിലിറങ്ങാനാവും.

സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആദ്യ മത്സരത്തില്‍ ടീമിനെ നയിക്കാനാവും. ഇന്ന് രാത്രിയോടെ ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ യുഎഇയിലെത്തുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെടും മുമ്പ് ഒരു തവണ റാപ്പിഡ് ടെസ്റ്റിന് വിധേയരാവുന്ന കളിക്കാരെ യുഎഇയില്‍ എത്തിയശേഷവും റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കും. നേരത്ത ആറ് ദിവസത്തെ ക്വാറന്റീന കാലാവധി മൂന്ന് ദിവസമായി ചരുക്കണമെന്ന് വിദേശ താരങ്ങള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios