ദുബായ്: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിന് പരിക്ക് വീണ്ടും തിരിച്ചടിയാവുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഡൽഹി ടീമിൽ പരുക്കേറ്റ പുതിയ താരം. രാജസ്ഥാനെതിരെ ഫീൽഡ് ചെയ്യുന്നതിനിടെ ശ്രേയസിന്‍റെ തോളിനാണ് പരുക്കേറ്റത്. തുട‍ർന്ന് ശ്രേയസ് ഗ്രൗണ്ട് വിട്ടപ്പോൾ ശിഖർ ധവാനാണ് ഡൽഹിയെ നയിച്ചത്.

ശ്രേയസിന്‍റെ തോളില്‍ വേദനയുണ്ടെന്നും പരിക്ക് ഗുരുതരമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മത്സരശേഷം ശീഖര്‍ ധവാന്‍ പറഞ്ഞു. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് ഡല്‍ഹിയുടെ അടുത്ത പോരാട്ടം. ഇതിന് മുമ്പ് അയ്യരുടെ പരിക്ക് ഭേദമായില്ലങ്കില്‍ ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാവും.

ഡൽഹി ടീമിൽ പരിക്കേൽക്കുന്ന നാലാമത്തെ താരമാണ് ശ്രേയസ്. കൈവിരലിന് പൊട്ടലേറ്റ അമിത് മിശ്രയ്ക്കും വാരിയെല്ലിന് പരുക്കേറ്റ ഇഷാന്ത് ശർമ്മയ്ക്കും സീസണിൽ കളിക്കാനാവില്ല. പേശികൾക്ക് പരുക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും ഉടൻ കളിക്കളത്തിലേക്ക് തിരിച്ചെത്താനാവില്ല. ഇതിന് പിന്നാലെയാണിപ്പോൾ ടീമിലെ പ്രധാന ബാറ്റ്സ്മാൻ കൂടിയായ ക്യാപ്റ്റൻ ശ്രേയസിന് പരിക്കേറ്റിരിക്കുന്നത്.