ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങ് ഇറങ്ങിയ ചെെേന്നെ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 8 ഓവറില്‍ ആറിന് 32 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബൂമ്ര എന്നിവരാണ് ചെന്നൈയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്. രാഹുല്‍ ചാഹറിനാണ് ഒരു വിക്കറ്റ്. ദീപക് ചാഹര്‍ (0), സാം കറന്‍ (3) എന്നിവരാണ് ക്രീസില്‍. 

ഋതുരാജ് ഗെയ്കവാദ് (0), അമ്പാട്ടി റായുഡു (2), എന്‍ ജഗദീഷന്‍ (0), ഫാഫ് ഡുപ്ലെസിസ് (1), രവീന്ദ്ര ജഡേജ (7), എം എസ് ധോണി (16) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ബോള്‍ട്ട് എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത ഓവറില്‍ റായുഡുവും മടങ്ങി. ബൂമ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്. പിന്നാലെയെത്തിയ ജഗദീഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. സ്ലിപ്പില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കുകയായിരുന്നു. 

ഡുപ്ലെസി ആവട്ടെ തൊട്ടടുത്ത ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ജഡേജയ്ക്ക് ആറ് പന്ത് മാത്രമായിരുന്നു ആയുസ്. ബോള്‍ട്ടിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളില്‍ ഒതുങ്ങി. രാഹുല്‍ ചാഹറിനെ തുടര്‍ച്ചയായി വലിയ ഷോട്ട് കളിക്കാന്‍ ശ്രമിക്കന്നതിനിടെ ധോണി ഡി കോക്കിന് ക്യാച്ച് നല്‍കി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പവര്‍ പ്ലേയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുന്നത്.

ഇന്ന് ജയിച്ചെങ്കില്‍ മാത്രമെ സിഎസ്‌കെയ്ക്ക് ടൂര്‍ണമെന്റില്‍ എന്തെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുള്ളു. തോറ്റാല്‍ പ്ലേഓഫ് കാണാതെ പുറത്ത് പോവും.. മുംബൈ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. നേരത്തെ പരിക്കേറ്റ രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇറങ്ങിയത്. കീറണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: സാം കറന്‍, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായുഡു, എന്‍ ജഗദീഷന്‍, എം എസ് ധോണി, ഋതുരാജ് ഗെയ്കവാദ്, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, ഷാര്‍ദുള്‍ ഠാകൂര്‍, ജോഷ് ഹേസല്‍വുഡ്, ഇമ്രാന്‍ താഹിര്‍.

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, സൗരഭ് തിവാരി, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കൗള്‍ട്ടര്‍നൈല്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര.