ദുബായ്: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എം എസ് ധോണി അവസാന ഓവറുകളില്‍ ക്രിസിലുണ്ടായിട്ടും ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ധോണിപ്പടയ്ക്ക് ഏഴ് റണ്‍സ് തോല്‍വി. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 36 പന്തില്‍ 47 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. 35 പന്തില്‍ 50 റണ്‍സടിച്ച രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 164/5, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 157/5.

ആവേശം അവസാന ഓവര്‍ വരെ

പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ ഒരു പന്തെറിഞ്ഞശേഷം പരിക്കേറ്റ് മടങ്ങിയതോടെ ഖലീല്‍ അഹമ്മദിന് ആ ഓവര്‍ പൂര്‍ത്തികരിക്കേണ്ടിവന്നു. എക്കാലത്തെയും മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിക്കും വമ്പനടിക്കാരനായ സാം കറനുമെതിരെ അവസാന ഓവര്‍ എറിയാനെത്തിയക് 18കാരന്‍ അബ്ദുള്‍ സമദ്. 28 റണ്‍സായിരുന്നു അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ പന്ത് തന്നെ ലെഗ് സ്റ്റംപിന് പുറത്ത് വൈഡ‍ാവുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തതോടെ ചെന്നൈയുടെ ലക്ഷ്യം 23 റണ്‍സായി. ഓവറിലെ അടുത്ത പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത ധോണി അടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും കനത്ത ചൂടില്‍ ശ്വാസമെടുക്കാന്‍പോലുമാവാതെ തളര്‍ന്ന ധോണിക്ക് മത്സരം ഫിനിഷ് ചെയ്യാനായില്ല. പിന്നീടുള്ള പന്തുകളില്‍ സിംഗിളുകള്‍ മാത്രം പിറന്നപ്പോള്‍ അവസാന പന്തില്‍ സിക്സ് നേടിയ സാം കറന്‍ ചെന്നൈയുടെ തോല്‍വി ഭാരം കുറച്ചു.

തുടക്കം തകര്‍ച്ചയോടെ

ബാറ്റിംഗ് പ്രതീക്ഷയായ ഷെയ്ന്‍ വാട്സണെ(1) ആദ്യ ഓവറില്‍ മടക്കി ഭുവനേശ്വര്‍ കുമാര്‍ ചെന്നൈയെ ഞെട്ടിച്ചു. ചെന്നൈയുടെ ബാറ്റിംഗ് പ്രതീക്ഷയായ അംബാട്ടി റായുഡുവിനെ(8), നടരാജന്‍ വീഴ്ത്തിയതിന് പിന്നാലെ ഫോമിലുള്ള ഫാഫ് ഡൂപ്ലെസി(19 പന്തില്‍ 22) റണ്ണൗട്ടാകുകയും ചെയ്തതോടോ ചെന്നൈ കൂട്ടത്തകര്‍ച്ചയിലായി. പിന്നാലെ കേദാര്‍ ജാദവിനെ മടക്കി അബ്ദുള്‍ സമദ് ചെന്നൈയുടെ തകര്‍ച്ചയുടെ ആഴം കൂട്ടി.

പതിവില്‍ നിന്ന് വ്യത്യസ്തനായി ഇത്തവണ അഞ്ചാം നമ്പറില്‍ ധോണി ബാറ്റിംഗിനിറങ്ങി. രവീന്ദ്ര ജഡേജ ഒരറ്റത്ത് തകര്‍ത്തതടിച്ചതോടെ ചെന്നൈക്ക് നേരിയ പ്രതീക്ഷയായി. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ  ജഡേജ വീണു. പിന്നീടെത്തിയ സാം കറന്‍ ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി തുടങ്ങി.

പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ ആദ്യ പന്ത് എറിഞ്ഞശേഷം പേശിവലിവിനെത്തുടര്‍ന്ന് ബൗള്‍ ചെയ്യാനാവാതെ മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. ഭുവിക്ക് പകരം ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ ഖലീല്‍ അഹമ്മദിന്‍റെ ആദ്യ പന്തില്‍ സമദിന്‍റെ മിസ് ഫീല്‍ഡിലൂടെ ധോണിക്ക് ബൗണ്ടറി ലഭിച്ചു. അടുത്ത രണ്ട് പന്തുകളില്‍ രണ്ട് റണ്‍സ് വീതം ഓടിയ ധോണിക്ക് പേശിവലിവിനെത്തുടര്‍ന്ന് ബാറ്റിംഗ് കുറച്ചുനേരത്തേക്ക് നിര്‍ത്തേണ്ടിവന്നു.  പിന്നീട് നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തി ധോണി ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച യുവനായകന്‍ പ്രിയം ഗാര്‍ഗിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 51 റണ്‍സെടുത്ത പ്രിയം ഗാര്‍ഗായിരുന്നു ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.

തകര്‍ച്ചയോടെ തുടങ്ങി

ടോസിലെ ഭാഗ്യം ഹൈദരാബാദിനെ തുടക്കത്തില്‍ തുണച്ചില്ല. തകര്‍ച്ചയോടെയാണ് ഹൈദരാബാദ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ദീപക് ചാഹര്‍ ജോണി ബെയര്‍സ്റ്റോയെ പൂജ്യനായി മടക്കി. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ചേര്‍ന്ന് സണ്‍റൈസേഴ്സിനെ 50ന് അടുത്ത് എത്തിച്ചെങ്കിലും വാര്‍ണറുടെ മെല്ലെപ്പോക്ക് ഹൈദരാബാദിന് തിരിച്ചടിയായി. 21 പന്തില്‍ 29 റണ്‍സെടുത്ത മനീഷ് പാണ്ഡെ സ്കോറിംഗ് വേഗമുയുര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ ഷര്‍ദ്ദുല്‍ ഠാക്കൂരിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

നടുവൊടിഞ്ഞു

വില്യംസണിലും വാര്‍ണറിലുമായിരുന്നു ഹൈദരാബാദിന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍. എന്നാല്‍ പിയൂഷ് ചൗളയെ സിക്സിന് പറത്താനുള്ള വാര്‍ണറുടെ(29 പന്തില്‍ 28) ശ്രമം ലോംഗ് ഓണില്‍ ഡൂപ്ലെസിയുടെ മനോഹര ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ കെയ്ന്‍ വില്യംസണ്‍(13 പന്തില്‍ 9) റണ്ണൗട്ടായതോടെ ഹൈദരാബാദ് തകര്‍ന്നടിയുമെന്ന് കരുതിയതാണ്.

യൂത്ത് ഫെസ്റ്റിവല്‍

എന്നാല്‍ യുവതാരം പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മയും ചേര്‍ന്ന് ദൈഹരാബാദിനെ 150 കടത്തി. 23 പന്തില്‍ ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ പ്രിയം ഗാര്‍ഗിന്‍റെ ഇന്നിംഗ്സാണ് ഹൈദരാബാദിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 24 പന്തില്‍ 31 റണ്‍സെടുത്ത അഭിഷേക് ശര്‍മ പുറത്തായശേഷം അബ്ദുള്‍ സമദിനെ കൂട്ടുപിടിച്ച് ഹൈദരാബാദിനെ 164 റണ്‍സിലെത്തിച്ചു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍  മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഇറങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങിലും തിളങ്ങാതിരുന്ന ഓപ്പണര്‍ മുരളി വിജയിന് പകരം അംബാട്ടി റായുഡു ടീമില്‍ തിരിച്ചെത്തി. ചെന്നൈയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോയും ഐപിഎല്ലില്‍ ആദ്യ മത്സരം കളിക്കാനിറങ്ങുന്നു. ബ്രാവോ ടീമിലെത്തിയപ്പോള്‍ യുവതാരം റിതുരാജ് ഗെയ്‌ക്‌വാദ് പുറത്തായി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വു‌ഡിന് പകരം ശര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തിയതാണ് മറ്റൊരു മാറ്റം.