അബുദാബി: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് അബുദാബിയിലാണ് മത്സരം. വിമര്‍ശകര്‍ക്കും എഴുതിത്തള്ളിയവര്‍ക്കും സാധ്യമായ ഏറ്റവും നല്ല മറുപടി നല്‍കിയാണ് ധോണിയുടെ ചെന്നൈ വരുന്നത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കൊടുവില്‍ പഞ്ചാബിനെതിരെ പത്ത് വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 

ഡ്വെയ്ന്‍ ബ്രാവോയും അമ്പാട്ടി റായുഡുവും പരുക്ക് മാറിയെത്തിയതിന്റെ പിന്നാലെ ഷെയ്ന്‍ വാട്‌സണും ഫാഫ് ഡുപ്ലെസിയും ഉഗ്രന്‍ ഫോമില്‍. വാട്‌സണ്‍ നാല്‍പതിലേറെ റണ്‍സ് നേടിയ പത്ത് കളിയില്‍ ഒന്‍പതിലും ചെന്നൈ ജയിച്ചു. ധോണിക്കും ജഡേജയ്ക്കുമൊപ്പം പതിനൊന്നാമന്‍ പിയൂഷ് ചൗള വരെ റണ്‍നേടാന്‍ ശേഷിയുള്ളവരാണെന്നുള്ളതാണ് ചെന്നൈയുടെ പ്രത്യേകത.

രണ്ട് ജയവും രണ്ട് തോല്‍വിയും അക്കൗണ്ടിലുള്ള കൊല്‍ക്കത്ത പ്രധാനമായും ആശ്രയിക്കുന്നത് ശുഭ്മാന്‍ ഗില്ലിനെയും ഓയിന്‍ മോര്‍ഗനെയുമാണ്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും ഓപ്പണറായി പരീക്ഷണം തുടരുന്ന സുനില്‍ നരൈനും കൂറ്റനടിക്കാരന്‍ ആന്ദ്രേ റസലും ഇതുവരെ താളംകണ്ടെത്തിയിട്ടില്ല. യുവപേസര്‍മാരായ 
കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയും ബൗളിംഗിലെ പ്രതീക്ഷകള്‍.

ഐപിഎഎല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നാല് മത്സരങ്ങലില്‍ നിന്ന് രണ്ട് ജയമാണ് അവര്‍ക്കുള്ളത്. ചെന്നൈ അഞ്ചാമതാണ്. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം ചെന്നൈയ്ക്കുണ്ട്.