അുബദാബി: ടി20 ക്രിക്കറ്റില്‍ എന്തുകൊണ്ടാണ് താന്‍ യൂണിവേഴ്സല്‍ ബോസാകുന്നതെന്ന് ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരെ 99 റണ്‍സടിച്ച് ടീമിന്‍റെ ടോപ് സ്കോററായ ഗെയ്ല്‍ ഗ്യാലറിയിലേക്ക് പറത്തിയത് എട്ട് സിക്സുകള്‍. ഇതില്‍ ഏഴാം സിക്സ് പറത്തിയതോടെ ടി20 ക്രിക്കറ്റില്‍ മറ്റൊരു ബാറ്റ്സ്മാനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം ഗെയ്‌‌ലിനെ തേടിയെത്തി.

ടി20 ക്രിക്കറ്റില്‍ 1000 സിക്സ് തികക്കുന്ന ആദ്യ ബാറ്റ്സ്മാന്‍. 410 മത്സരങ്ങളില്‍ നിന്നാണ് ഗെയ്ല്‍ 1000 സിക്സെന്ന അപൂര്‍വനേട്ട സ്വന്തമാക്കിയത്. മറ്റൊരു ബാറ്റ്സ്മാനും ഈ നേട്ടത്തില്‍ ഗെയ്‌ലിന്‍റെ സമീപത്തുപോലുമില്ല. 524 മത്സരങ്ങളില്‍ നിന്ന് 690 സിക്സ് പറത്തിയിട്ടുള്ള കീറോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

370 മത്സരങ്ങളില്‍ 485 സിക്സ് പറത്തിയിട്ടുള്ള ബ്രണ്ടന്‍ മക്കല്ലമാണ് ആറടിവീരന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഷെയ്ന്‍ വാട്സണ്‍(343 മത്സരങ്ങളില്‍ 467 സിക്സ്), ആന്ദ്രെ റസല്‍(339 മത്സരങ്ങളില്‍ 447 സിക്സ്) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു ബാറ്റ്സ്മാന്‍മാര്‍.

രാജസ്ഥാനെതിരെ സെഞ്ചുറിക്ക് ഒറു റണ്‍സകലെ പുറത്തായ ഗെയ്ല്‍ എട്ട് സിക്സുകളാണ് പറത്തിയത്. ഇതോടെ ഈ സീസണ്‍ ഐപിഎല്ലില്‍ സിക്സുകളുടെ എണ്ണത്തില്‍ സഞ്ജു സാംസണ് പിന്നില്‍ രണ്ടാമത് എത്താനും ഗെയ്‌ലിനായി. ഐപിഎല്ലില്‍ തുടക്കത്തില്‍ ആറ് മത്സരങ്ങളില്‍ കരയ്ക്കിരുന്നശേഷമാണ് ഗെയ്ല്‍ സിക്സ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.