ദുബായ്: പ്ലേ ഓഫ് സാധ്യത മങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന് മറ്റൊരു തിരിച്ചടി. പരിക്കേറ്റ ഓൾറൗണ്ടർ ഡ്വയിൻ ബ്രാവോയ്ക്ക് സീസണിലെ ശേഷിച്ച മത്സരങ്ങളിൽ കളിക്കാനാവില്ല. ഡൽഹിക്കെതിരായ മത്സരത്തിനിടെയാണ് ബ്രാവോയ്ക്ക് പരിക്കേറ്റത്.

തുടക്കം മുതലേ പരുക്കായതിനാൽ ബ്രാവോ ഇത്തവണ ആറ് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈക്കായി കളിച്ചത്. ബ്രാവോ നാളെ നാട്ടിലേക്ക് മടങ്ങുമെന്നും പകരം താരത്തെ ഉൾപ്പെടുത്തണോ എന്ന് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും സി എസ് കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.

ടീമിലെ നിര്‍ണായക താരങ്ങളായിരുന്ന സുരേഷ് റെയ്നയെയും ഹര്‍ഭജന്‍ർ സിംഗിനെയും ടൂര്‍ണമെന്‍റിന് മുമ്പെ ചെന്നൈക്ക് നഷ്ടമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരും ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്.

പത്ത് കളികളില്‍ നിന്ന് മൂന്ന് ജയം മാത്രം നേടിയ ചെന്നൈ നിലവില്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിച്ചാലും ചെന്നൈക്ക് പരമാവധി നേടാനാവുക എട്ട് പോയന്‍റാണ്. വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈുടെ അടുത്ത മത്സരം. ഇതുവരെ കളിച്ച സീസണുകളിലെല്ലാം പ്ലേ ഓഫിലെത്തിയിട്ടുള്ള ടീമാണ് ചെന്നൈ.