അബുദാബി: ഐപിഎല്ലില്‍ സ്‌പാര്‍ക്ക് തെളിയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിനെ പ്രശംസകൊണ്ട് മൂടി സഹതാരം ഫാഫ് ഡുപ്ലസിസ്. സീസണില്‍ അവസാന മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ താരത്തെ യുവ കോലിയായാണ് ഫാഫ് വിശേഷിപ്പിക്കുന്നത്. ചെന്നൈ-പഞ്ചാബ് മത്സരത്തിന് ശേഷം സമ്മാനവേളയിലാണ് 23കാരനായ താരത്തിന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍റെ കയ്യടി. 

'ഗെയ്‌ക്‌വാദിനെ കാണുമ്പോള്‍ യുവ കോലിയെ പോലുണ്ട്. സമ്മര്‍ദമില്ലാതെ നന്നായി കളിക്കാനാകുന്നു. അവന്‍റെ കളി കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. മികച്ച ഭാവി ഗെയ്‌ക്‌വാദിന് പ്രതീക്ഷിക്കുന്നതായും' ഡുപ്ലസി പറഞ്ഞു. ഇനിയെത്ര കാലം ക്രിക്കറ്റ് കളിക്കും എന്ന ചോദ്യത്തിനും ഡുപ്ലസി മറുപടി നല്‍കി. 'ഞാനിപ്പോഴും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇനിയും കളിക്കും' എന്നുമായിരുന്നു ഫാഫിന്‍റെ പ്രതികരണം. 

ഡുപ്ലസിയുടെ പ്രതികരണം കാണാം

ഐപിഎല്‍ പതിമൂന്നാം സീസണില്‍ പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായെങ്കിലും റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ബാറ്റിംഗ് മികവില്‍ അവസാന മത്സരത്തില്‍ ജയിക്കാന്‍ ചെന്നൈക്കായി. ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സ് നേടി. 30 പന്തില്‍ 62 റണ്‍സെടുത്ത ദീപക് ഹൂഡയുടെ വെടിക്കെട്ടാണ് പഞ്ചാബിന് മാന്യമായ സ്‌കോര്‍ നല്‍കിയത്. 

മറുപടി ബാറ്റിംഗില്‍ ഏഴ് പന്ത് ബാക്കിനില്‍ക്കേ ഒന്‍പത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡുപ്ലസിയുടെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് നഷ്‌ടമായത്. 34 പന്തില്‍ 48 റണ്‍സെടുത്ത താരത്തെ ക്രിസ് ജോര്‍ദാന്‍ മടക്കി. ഓപ്പണര്‍ ഗെയ്‌ക്‌വാദ് 49 പന്തില്‍ 62 റണ്‍സുമായും അമ്പാട്ടി റായുഡു 30 പന്തില്‍ അത്രതന്നെ റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഗെയ്‌ക്‌വാദാണ് കളിയിലെ താരം. തോല്‍വിയോടെ പഞ്ചാബ് സീസണില്‍ നിന്ന് പുറത്തായി. 


മഞ്ഞക്കുപ്പായം അഴിച്ചുവെക്കാന്‍ 'തല' തയ്യാറല്ല; പ്രഖ്യാപനം ആഘോഷമാക്കി ആരാധകര്‍