Asianet News MalayalamAsianet News Malayalam

അനായാസം മുംബൈ ഇന്ത്യന്‍സ്, പത്ത് വിക്കറ്റ് ജയം; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്

ഡല്‍ഹി കാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് 14 പോയിന്റുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഒന്നാമതെത്തി.

 

IPL 2020 CSKings out from IPL after defeat from MI
Author
Sharjah - United Arab Emirates, First Published Oct 23, 2020, 10:26 PM IST

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിെല്ലിന്റെ പ്ലേ ഓഫ് കാണാതെ പുരത്ത്. മുംബൈ ഇന്ത്യന്‍സിനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് മുന്‍ ചാംപ്യന്മാരായ സിഎസ്‌കെ പുറത്തായത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താകുന്നത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 12.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു.  ഇഷാന്‍ കിഷന്‍ (37 പന്തില്‍ 68), ക്വിന്റണ്‍ ഡി കോക്ക് (37 പന്തില്‍ 46) എന്നിവാരണ് വിജയം എളുപ്പമാക്കിയത്. നേരത്തെ ട്രന്റ് ബോള്‍ട്ടിന്റെ നാല് വിക്കറ്റ് പ്രകടനാണ് ചെന്നൈയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 

അഞ്ച് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്‌സ്. ഡി കോക്ക് രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. തുടക്കം മുതല്‍ ഇരുവരും ആക്രമിച്ച് കളിച്ചു. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികിയല്‍ ഒന്നാമതെത്തി. 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഡല്‍ഹി കാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് 14 പോയിന്റുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഒന്നാമതെത്തി.

നേരത്തെ, പേരുകേട്ട ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോള്‍ സാം കറന്‍ നേടിയ 52 റണ്‍സാണ് ചെന്നൈയെ 100 കടത്താന്‍ സഹായിച്ചത്. 47 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കറന്റെ ഇന്നിങ്‌സ്. കറന് പുറമെ എം എസ് ധോണി (16), ഷാര്‍ദുല്‍ ഠാകൂര്‍ (11), ഇമ്രാന്‍ താഹിര്‍ (പുറത്താവാതെ 13) എന്നിവരാണ് കറന് പുറമെ ചെന്നൈ നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍. ഋതുരാജ് ഗെയ്കവാദ് (0), അമ്പാട്ടി റായുഡു (2), എന്‍ ജഗദീഷന്‍ (0), ഫാഫ് ഡുപ്ലെസിസ് (1), രവീന്ദ്ര ജഡേജ (7), ദീപക് ചാഹര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പവര്‍പ്ലേയില്‍ തന്നെ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായിട്ടാണ് ചെന്നൈയ്ക്ക് പവര്‍പ്ലേയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുന്നത്. 

ബോള്‍ട്ട് എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത ഓവറില്‍ റായുഡുവും മടങ്ങി. ബൂമ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്. പിന്നാലെയെത്തിയ ജഗദീഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. സ്ലിപ്പില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കുകയായിരുന്നു. 

ഡുപ്ലെസി ആവട്ടെ തൊട്ടടുത്ത ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ജഡേജയ്ക്ക് ആറ് പന്ത് മാത്രമായിരുന്നു ആയുസ്. ബോള്‍ട്ടിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളില്‍ ഒതുങ്ങി. രാഹുല്‍ ചാഹറിനെ തുടര്‍ച്ചയായി വലിയ ഷോട്ട് കളിക്കാന്‍ ശ്രമിക്കന്നതിനിടെ ധോണി ഡി കോക്കിന് ക്യാച്ച് നല്‍കി. 

ചാഹറിനെ രാഹുലിന്റെ പന്തില്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഠാകൂര്‍ കൗട്ടര്‍നൈലിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി.പിന്നീട് കറന്‍- താഹിര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 43 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിനെ 100നപ്പുറം കടത്തിയത്. ബോള്‍ട്ട് എറിഞ്ഞ 20ാം ഓവറിലെ അവസാന പന്തില്‍ കറന്‍ ബൗള്‍ഡാവുകയായിരുന്നു.

Follow Us:
Download App:
  • android
  • ios