ഐപിഎല്ലിലെ അപൂര്‍വ പട്ടികയില്‍ ഇടംപിടിക്കുന്ന രണ്ടാം വിദേശതാരം എന്ന നേട്ടത്തിലെത്താനാണ് ക്രിസ് ഗെയ്ല്‍ ഒരുങ്ങുന്നത്. 

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ആരാധകരുടെ കണ്ണ് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലില്‍. ഐപിഎല്ലിലെ ചരിത്ര പട്ടികയില്‍ ഇടംനേടാന്‍ കൂടിയാണ് ബാറ്റിംഗ് വെടിക്കെട്ടിന് പേരുകേട്ട വിന്‍ഡീസ് സൂപ്പര്‍താരം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ഇറങ്ങുന്നത്. ഗെയ്‌ലാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇരട്ട പ്രതീക്ഷ നല്‍കുന്നതാണ് ഈ നേട്ടം. 

ഐപിഎല്ലില്‍ 4500 റണ്‍സ് എന്ന കടമ്പയിലേക്ക് ഗെയ്‌ലിന് 16 റണ്‍സ് കൂടി മതി. ഇതുവരെ 4,484 റണ്‍സാണ് ഗെയ്‌ലിന്‍റെ സമ്പാദ്യം. 125 മത്സരങ്ങളാണ് ഗെയ്‌ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുള്ളത്. അയ്യായിരം റണ്‍സ് പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാം വിദേശ താരം മാത്രമാകും ഗെയ്‌ല്‍. ഡേവിഡ് വാര്‍ണറാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള വിദേശ താരം. 

അതേസമയം ഐപിഎല്ലില്‍ 4500 റണ്‍സ് പിന്നിട്ടത് ഇതുവരെ അഞ്ച് താരങ്ങളാണ്. വിരാട് കോലി(177 മത്സരങ്ങളില്‍ 5412), സുരേഷ് റെയ്‌ന(193 മത്സരങ്ങളില്‍ 5368), രോഹിത് ശര്‍മ്മ(188 മത്സരങ്ങളില്‍ 4898), ഡേവിഡ് വാര്‍ണര്‍(126 മത്സരങ്ങളില്‍ 4706), ശിഖര്‍ ധവാന്‍(159 മത്സരങ്ങളില്‍ 4567). 

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. കിംഗ്‌സ് ഇലവനെ കെ എല്‍ രാഹുലും ക്യാപിറ്റല്‍സിനെ ശ്രേയസ് അയ്യരും നയിക്കും. ഇതിഹാസങ്ങളായ രണ്ട് മുന്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിയുടെ പരിശീലകന്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും പഞ്ചാബിന്റേത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുമാണ്.

ഐപിഎല്ലില്‍ യുവ ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍; കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്, ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും