അബുദാബി: മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഓള്‍റൗണ്ട് മികവാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി കാപിറ്റല്‍സിന് ജയം സമ്മാനിച്ചത്. 38 റൺസും മൂന്ന് വിക്കറ്റും നേടി സ്റ്റോയിനിസ് കളിയിലെ താരം ആയി. ശിഖര്‍ ധവാന് പോന്ന ഓപ്പണിംഗ് പങ്കാളിക്കായി പലപരീക്ഷണം നടത്തി പരാജയപ്പെട്ടതോടെയാണ് മാര്‍ക്കസ് സ്റ്റോയിനിസിലേക്ക് റിക്കി പോണ്ടിംഗ് തിരിഞ്ഞത്.

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ സ്റ്റോയിനിസ് 2018ന് ശേഷം 10 അര്‍ധസെഞ്ചുറിയും ഒരു സെ‌ഞ്ചുറിയും നേടിയിരുന്നു. എന്നാൽ ഡൽഹി കാപിറ്റല്‍സില്‍ മധ്യനിരയിലേക്ക് മാറി സ്റ്റോയിനിസ്. ജീവന്മരണ പോരാട്ടത്തിൽ സ്റ്റോയിനിസിനെ ഓപ്പണറാക്കിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട്. സ്‌കോര്‍ മൂന്നിൽ നിൽക്കെ ക്യാച്ചിൽ നിന്ന് രക്ഷപ്പെട്ട സ്റ്റോയിനിസ് അടുത്ത ഒന്‍പത് പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും നേടി. ഡൽഹിക്ക് സുരക്ഷിത സ്‌കോര്‍ സമ്മാനിച്ച തുടക്കം. 

ബൗളിംഗില്‍‍ സ്റ്റോയിനിസ് വീഴ്ത്തിയതും വമ്പന്മാരെ. കെയ്‌ന്‍ വില്യംസനും മനീഷ് പാണ്ഡെയും പ്രിയം ഗാര്‍ഗും സ്റ്റോയിനിസിന് മുന്നിൽ കീഴടങ്ങി. സീസണിലെ 12 കളിയിൽ 150ന് അടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 352 റൺസാണ് സ്റ്റോയിനിസിന്‍റെ സമ്പാദ്യം. 12 വിക്കറ്റ് വേറെയും. എങ്കിലും സ്റ്റോയിനിസിന് ബാറ്റിംഗിൽ കൂടുതൽ ഓവര്‍ കിട്ടാന്‍ വഴിയൊരുങ്ങിയപ്പോള്‍ ഡൽഹി നന്നായത് ശ്രദ്ധേയം. ഫൈനലിലും ഓപ്പണറാകുമോ എന്ന ചോദ്യത്തിന് എല്ലാം പോണ്ടിംഗ് തീരുമാനിക്കും എന്ന മറുപടിയിലൊതുക്കി സ്റ്റോയിനിസ്. 

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് ഡല്‍ഹി, ഐപിഎല്ലില്‍ മുംബൈ-ഡല്‍ഹി കലാശപ്പോര്

Powered by