അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ചവര്‍ നിരവധി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ദേവ്‌ദത്ത് പടിക്കല്‍ ഉള്‍പ്പടെ ആദ്യ സീസണ്‍ ഗംഭീരമാക്കിയവരും ഇവരിലുണ്ട്. ഇവരില്‍ ആരാണ് ഈ സീസണിന്‍റെ കണ്ടെത്തല്‍. ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. 

സഹതാരവും യോര്‍ക്കര്‍രാജ എന്ന വിശേഷണവുമുള്ള പേസര്‍ ടി നടരാജന്‍റെ പേരാണ് വാര്‍ണര്‍ പറ‍ഞ്ഞത്. ഡല്‍ഹി കാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് ശേഷമാണ് വാര്‍ണറുടെ മറുപടി. ഫൈനല്‍ കാണാതെ പുറത്തായെങ്കിലും മികവ് കാട്ടിയ സഹതാരങ്ങളെ പ്രശംസിക്കാന്‍ വാര്‍ണര്‍ മടികാണിച്ചില്ല. 

'നടരാജനെ പോലുള്ളവരാണ് ഈ സീസണിന്‍റെ കണ്ടെത്തല്‍. മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റാഷിദ് ഖാനും നന്നായി കളിച്ചു. മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെ ഓള്‍റൗണ്ട് പ്രകടനം കാഴ്‌ചവെച്ചു. നിര്‍ണായക താരങ്ങളായ ഭുവിക്കും സാഹയ്‌ക്കും പരിക്ക് വില്ലനായി. എന്നാല്‍ മറ്റ് താരങ്ങള്‍ ഒഴിവ് നികത്തുന്ന പ്രകടനം പുറത്തെടുത്തു. ആരാധകര്‍ വളരെ പ്രിയപ്പെട്ടതാണ്, എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. ഞങ്ങളുടെ രണ്ടാം വീടാണ് ഹൈദരാബാദ്. ഫ്രാഞ്ചൈസി ഉടമകള്‍ കുടുംബാംഗങ്ങളെ പോലെയാണ്. അടുത്ത തവണ ഇന്ത്യയില്‍ കളിക്കാനെത്തുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകും' എന്നും വാര്‍ണര്‍ മത്സരശേഷം പറഞ്ഞു.  

നടരാജന്‍ പെരിയ രാജ! 

ഐപിഎല്‍ പതിമൂന്നാം സീസണില്‍ യോര്‍ക്കറുകള്‍ കൊണ്ട് വിസ്‌മയിപ്പിച്ച താരമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള 29 വയസുകാരന്‍ ടി നടരാജന്‍. സീസണില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞതും നടരാജനാണ്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സൂപ്പര്‍മാന്‍ എ ബി ഡിവില്ലിയേഴ്‌സിന്‍റെ മിഡില്‍ സ്റ്റംപ് പിഴുത യോര്‍ക്കര്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 

രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ അവസാന ഓവറിലെ എല്ലാ പന്തുകളും യോര്‍ക്കറുകള്‍ എറിഞ്ഞും നട്ടു ശ്രദ്ധേയനായി. ഈ സീസണില്‍ 16 മത്സരങ്ങളില്‍ അത്ര തന്നെ വിക്കറ്റ് നടരാജന്‍റെ പേരിലുണ്ട്. ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നടരാജനെ ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ നെറ്റ് ബൗളറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Powered by