Asianet News MalayalamAsianet News Malayalam

സ്റ്റോയിനിസ്, റബാദ ഷോ; സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ പഞ്ചാബിനെ കീഴടക്കി ഡല്‍ഹി

സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെടുത്ത റബാഡ മൂന്ന് പന്തിനിടെ രണ്ട് റണ്‍സില്‍ പഞ്ചാബ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു

ipl 2020 DC win the super over vs KXIP
Author
Dubai - United Arab Emirates, First Published Sep 20, 2020, 11:50 PM IST

ദുബായ്: ഈ ഐപിഎല്ലിലെ ആദ്യ സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ജയം ഡല്‍ഹി ക്യാപിറ്റല്‍സിന്. നിശ്ചിത സമയത്ത് ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും 157 റണ്‍സുമായി തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെടുത്ത റബാഡ മൂന്ന് പന്തിനിടെ രണ്ട് റണ്‍സില്‍ പഞ്ചാബ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിംഗില്‍ അനായാസം റിഷഭ് പന്തും ശ്രേയസ് അയ്യരും ജയം ഡല്‍ഹിക്ക് സ്വന്തമാക്കി. നേരത്തെ പഞ്ചാബിനെ ഒറ്റയാനായി ജയിപ്പിക്കുമെന്ന് തോന്നിച്ച മായങ്ക് അഗര്‍വാള്‍ മത്സരത്തിലെ കണ്ണീരായി. 

മിന്നല്‍ റബാദ- ത്രില്ലടിപ്പിച്ച് സൂപ്പര്‍ ഓവര്‍

158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് മായങ്ക് അഗര്‍വാളിന്‍റെ ഒറ്റയാന്‍ പോരാട്ടത്തില്‍ ജയത്തിനരികെയെത്തിയെങ്കിലും സ്റ്റോയിനിസിന്‍റെ അവസാന ഓവറിലെ രണ്ട് പന്തിലും വിക്കറ്റ് നഷ്‌ടപ്പെടുത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിയത്. സൂപ്പര്‍ ഓവറില്‍ പഞ്ചാബിനായി രാഹുല്‍ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടി. എന്നാല്‍ തൊട്ടടുത്ത പന്തുകളില്‍ രാഹുലിനെയും പുരാനെയും പുറത്താക്കി റബാദ വിസ്‌മയമായി. ഇതോടെ ഡല്‍ഹിക്ക് വിജയലക്ഷ്യം മൂന്ന് റണ്‍സ്!. ഷമി എറിയാനെത്തിയെങ്കിലും ഡല്‍ഹി രണ്ട് പന്തില്‍ ജയത്തിലെത്തി. 

മത്സരം നാടകീയതകളിലൂടെ

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സ് നേടി. അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി 21 പന്തില്‍ ഏഴ് ഫോറും മൂന്ന്
സിക്‌സും സഹിതം 53 റണ്‍സെടുത്ത സ്റ്റോയിനിസാണ് ടോപ് സ്‌കോറര്‍. സ്റ്റോയിനിസ് 20 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ അവസാന ഓവറില്‍ മാത്രം 30 റണ്‍സ് പിറന്നു. മുഹമ്മദ് ഷമി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കോട്രല്‍ രണ്ട് പേരെയും ക്രിസ് ജോർദാൻ ഒരാളെയും മടക്കി. 

ആഞ്ഞടിച്ച് ഷമി കൊടുങ്കാറ്റ്

നേരത്തെ മുഹമ്മദ് ഷമിയുടെ പേസാക്രമണത്തില്‍ മുന്‍നിര തകര്‍ന്ന ഡല്‍ഹി തിരിച്ചെത്തുകയായിരുന്നു. ശിഖര്‍ ധവാന്‍(0) റണൗട്ടായപ്പോള്‍ പൃഥ്വി ഷാ(5), ഷിംറോണ്‍ ഹെറ്റ്മയേര്‍(7) എന്നിവരെ ഷമി മടക്കി. പിന്നീടു ചേര്‍ന്ന ശ്രേയസ് അയ്യര്‍(39), റിഷഭ് പന്ത്(31) എന്നിവര്‍ ചെറുത്തുനില്‍പ് കാട്ടി. എന്നാല്‍ പന്തിനെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ ബിഷ്‌ണോയ് കൂട്ടുകെട്ട് പൊളിച്ചു. അക്ഷാര്‍ പട്ടേല്‍(6), രവിചന്ദ്ര അശ്വിന്‍(4) എന്നിവരും പ്രതിരോധം കാട്ടിയില്ല. ഒരു പന്ത് നില്‍ക്കേ പുറത്തായെങ്കിലും സ്റ്റോയിനിസ് വെടിക്കെട്ട് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചു. 

വിറപ്പിച്ച് തുടങ്ങിയ അശ്വിന്‍, കളി മാറ്റി മായങ്ക്

ഡല്‍ഹി കാപിറ്റല്‍സ് മുന്നോട്ടുവച്ച 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തുടക്കം പാളി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്‌സ്
തുടങ്ങിയത്. പവര്‍പ്ലേയില്‍ പഞ്ചാബിന് മൂന്ന് വിക്കറ്റ് നഷ്‌ടമായി. രാഹുലിനെ(21) അഞ്ചാം ഓവറില്‍ മോഹിത് ശര്‍മ്മ ബൗള്‍ഡാക്കിയപ്പോള്‍ കരുണ്‍ നായരെയും(1) അക്കൗണ്ട് തുറക്കുംമുമ്പ് നിക്കോളസ് പുരാനെയും തൊട്ടടുത്ത ഓവറില്‍ അശ്വിനും മടക്കി. കരുണ്‍ പൃഥ്വി ഷായുടെ കൈകളില്‍ അവസാനിച്ചപ്പോള്‍ പുരാന്‍ അശ്വിന്‍റെ ടേണിനു മുന്നില്‍ സ്റ്റംപ് അടിയറവുവച്ചു. 

വീണ്ടും സ്റ്റോയിനിസ് ഷോ

തൊട്ടടുത്ത ഓവറില്‍ റബാദയുടെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(1) ശ്രേയസിന് ക്യാച്ച് നല്‍കി മടങ്ങി. സര്‍ഫ്രാസ് ഖാനെ 10-ാം ഓവറില്‍ അക്ഷാര്‍ മടക്കി. ഒരറ്റത്ത് നിലയുറപ്പിച്ച മായങ്കിനൊപ്പം കൃഷ്‌ണപ്പ ഗൗതം നീങ്ങിയെങ്കിലും വീറ് 14 പന്തില്‍ 20 റണ്‍സില്‍ അവസാനിച്ചു. 16-ാം ഓവറില്‍ റബാദക്കായിരുന്നു വിക്കറ്റ്. എന്നാല്‍ 18-ാം ഓവറില്‍ മോഹിത്തിനെ സിക്‌സടിച്ച് അര്‍ധ സെഞ്ചുറി തികച്ച മായങ്ക് കളി മാറ്റി. എന്നാല്‍ സ്റ്റോയിനിസിന്‍റെ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ മായങ്ക് വീണതോടെ കളി അവസാന പന്തിലേക്ക്. അവസാന പന്തില്‍ ജോര്‍ദന്‍ റബാദയുടെ ക്യാച്ചില്‍ ഔട്ടായതോടെ കളി സൂപ്പര്‍ ഓവറിലെത്തി. 
 

Follow Us:
Download App:
  • android
  • ios