ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഡല്‍ഹി കാപിറ്റല്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ (8) എന്നിവരാണ് മടങ്ങിയത്. ദീപക് ചാഹറിനാണ് രണ്ടും വിക്കറ്റും. ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ഏഴ് ഓവറില്‍ രണ്ടിന് 54 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (36), ശ്രേയസ് അയ്യര്‍ (9) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്.

ആദ്യ ഓവറില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ പൃഥ്വി പവലിയനില്‍ തിരിച്ചെത്തി. ചാഹറിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിക്കുന്നതിനിടെ റിട്ടേണ്‍ ക്യാച്ച് നല്‍കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് താരം രണ്ടക്കം കാണാതെ പുറത്താവുന്നത്. കഴിഞ്ഞ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ രഹാനെ ക്രീസിലെത്തി. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ നിരാശപ്പെടുത്തി. എട്ട് റണ്‍സ് മാത്രമെടുത്ത താരം ചാഹറിന്റെ പന്തില്‍ പോയിന്റില്‍ സാം കറന് ക്യാച്ച് നല്‍കി. 

നേരത്തെ ഫാഫ് ഡു പ്ലെസിസ് (47 പന്തില്‍ 58), അമ്പാട്ടി റായുഡു (25 പന്തില്‍ പുറത്താവാതെ 45), ഷെയ്ന്‍ വാട്‌സണ്‍ (28 പന്തില്‍ 36), രവീന്ദ്ര ജഡേജ (13 പന്തില്‍ പുറത്താവാതെ 33) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എം എസ് ധോണി (3), സാം കറന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ജെ രണ്ട് വിക്കറ്റ് വീഴ്ത്തി. തുഷാര്‍ ദേഷ്പാണ്ഡെ, കഗിസോ റബാദ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ ആറ് പോയിന്റോടെ ആറാമതാണ്. അവസാന നാലില്‍ കയറണമെങ്കില്‍ ചെന്നൈയ്ക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്.