ദുബായ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തിന് ഇറങ്ങും മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ പരിക്കിന്‍റെ ആശങ്ക. ഡല്‍ഹി സ്റ്റാര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് പരിശീലനത്തിനിടെ പരിക്കേറ്റു എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 

ഇശാന്തിന് പരിക്കേറ്റതായി ഡല്‍ഹി സ്റ്റാഫ് സ്ഥിരീകരിച്ചു. ശനിയാഴ്ച പരിശീലനത്തിനിടെയാണ് ഇശാന്തിന് പരിക്കേറ്റത്. കിംഗ്‌സ് ഇലവനെതിരെ കളിക്കുമോ എന്ന കാര്യം മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ തീരുമാനിക്കൂ. ടീമിന്‍റെ മെഡിക്കല്‍ സംഘമാണ് അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും അദേഹം വ്യക്തമാക്കി. 

2019 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ ഇശാന്ത് ടീമിലെ നിര്‍ണായക ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ 13 വിക്കറ്റായിരുന്നു സമ്പാദ്യം. ഇശാന്തിന്‍റെ പരിചയസമ്പത്തും ടീമിന് മുതല്‍ക്കൂട്ടാണ്. 

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ കെ എല്‍ രാഹുലും ഡല്‍ഹി കാപിറ്റല്‍സിനെ ശ്രേയസ് അയ്യരും നയിക്കും. ഇതിഹാസങ്ങളായ രണ്ട് മുന്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിയുടെ പരിശീലകന്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും പഞ്ചാബിന്റേത് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുമാണ്.  

ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ്, സന്തോഷമടക്കാനാവാതെ സാക്ഷിയും; ആഘോഷമിങ്ങനെ