ദുബായ്: ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കാനായി ബാംഗ്ലൂരിന്‍റെ യുസ്‌വേന്ദ്ര ചാഹലെടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം പുകയുമ്പോള്‍ വിവാദങ്ങളൊന്നുമില്ലാതെ പറക്കും ക്യാച്ചുമായി ഫീല്‍ഡില്‍ തിളങ്ങി മറ്റൊരു മലയാളി താരം. റോയല്‍ ചലഞ്ചേഴ്സിന്‍റെ ഓപ്പണറും മലയാളിയുമായ ദേവ്‌ദത്ത് പടിക്കലാണ് രാജസ്ഥാന്‍റെ ബാറ്റിംഗ് പ്രതീക്ഷയായ ജോസ് ബട്‌ലറെ സ്ലിപ്പില്‍ പറന്നുപിടിച്ചത്.

നവദീപ് സെയ്‌നി എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു പടിക്കലിന്‍റെ പറക്കും ക്യാച്ച്. 12 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും പറത്തി ജോസ് ബട്‌ലര്‍ ഭീഷണിയായി മാറുന്നതിനിടെയാണ് സെയ്നിയുടെ പന്തില്‍ സ്ലിപ്പില്‍ പടിക്കല്‍ പറക്കും ക്യാച്ചെടുത്തത്.

സ്ലിപ്പിലേക്ക് താണുവന്ന പന്തിലായിരുന്നു പടിക്കലിന്‍റെ അതിമനോഹര ക്യാച്ച്. ബാംഗ്ലൂരിനായി ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറിയുമായി ബാറ്റിംഗില്‍ തിളങ്ങിയ പടിക്കല്‍ താന്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണെന്ന് ഈ ക്യാച്ചിലൂടെ തെളിയിച്ചു.