Asianet News MalayalamAsianet News Malayalam

ബ്രാവോയ്ക്ക് ഒരോവര്‍ ബാക്കിയുണ്ടായിരുന്നു; എന്നിട്ടും ജഡേജയ്ക്ക് പന്ത് നല്‍കാനുള്ള കാരണം വ്യക്തമാക്കി ധോണി

 രണ്ട് ഇടങ്കയ്യന്‍മാര്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവര്‍ ഇടങ്കയ്യന്‍ സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്ക് നല്‍കിയത് കടുത്ത വിമര്‍ശനങ്ങള്‍ ഇടയാക്കി. 

 

IPL 2020 Dhoni reveals why ravindra jadeja bowled final over vs delhi
Author
Sharjah - United Arab Emirates, First Published Oct 18, 2020, 7:50 AM IST

ഷാര്‍ജ: ഡല്‍ഹി കാപിറ്റല്‍സിനെതിരെ കയ്യിലിരുന്ന മത്സരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ടുകളഞ്ഞത്. അവസാന ഓവറില്‍ 16 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുള്‍ നേടി അക്‌സര്‍ പട്ടേല്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചു. അക്‌സറിനൊപ്പം ഇടങ്കയ്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ചുറിയുമായി പുറത്താവാതെ നിന്നു. രണ്ട് ഇടങ്കയ്യന്‍മാര്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവര്‍ ഇടങ്കയ്യന്‍ സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്ക് നല്‍കിയത് കടുത്ത വിമര്‍ശനങ്ങള്‍ ഇടയാക്കി. 

ചെന്നൈയുടെ ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും ജഡേജയ്ക്ക് ഓവര്‍ നല്‍കിയതാണ് ചെന്നൈ തോല്‍ക്കാന്‍ കാരണമെന്നാണ് വാദം. എന്നാല്‍ ജഡേജയ്ക്ക് പന്ത് നല്‍കാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ എം എസ് ധോണി. ''ബ്രാവോയ്ക്ക് ശാരീരികമായി ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടായിരുന്നു. മൂന്ന് ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഗ്രൗണ്ട് വിട്ടിരുന്നു. പിന്നീട് തിരിച്ചെത്തിയതുമില്ല. ഈ സാഹചര്യത്തില്‍ കാണ്‍ ശര്‍മയ്ക്കും ജഡേജയ്ക്ക് മാത്രമെ ഓവറുകള്‍ ബാക്കിയുണ്ടായിരുന്നുള്ളു. പിന്നീട് ജഡേജയ്ക്ക് പന്ത് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.'' ധോണി മത്സരശേഷം പറഞ്ഞു. 

അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. ഫാഫ് ഡു പ്ലെസിസ് (47 പന്തില്‍ 58), അമ്പാട്ടി റായുഡു (25 പന്തില്‍ 45), ഷെയ്ന്‍ വാട്‌സണ്‍ (28 പന്തില്‍ 36), രവീന്ദ്ര ജഡേജ (13 പന്തില്‍ 33) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 58 പന്തില്‍ പുറത്താവാതെ 101 നേടിയതാണ് ഡല്‍ഹി ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അഅക്‌സര്‍ പട്ടേല്‍ അഞ്ച് പന്തില്‍ 21 പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios