ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസ് ആരാധകര്‍ക്ക് വീണ്ടും ആശങ്ക. പ്രമുഖ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്‍റെ പങ്കാളിത്തം വീണ്ടും സംശയത്തിലായി. സ്റ്റോക്സിനെ വരവേൽക്കാന്‍ കാത്തിരിക്കുന്നതിനിടെ ഇരുട്ടടിയായി മോണ്ടി പനേസറുടെ വാക്കുകള്‍. അര്‍ബുദ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാന്‍ ന്യൂസിലന്‍ഡിലേക്ക് പോയ സ്റ്റോക്സ് ഐപിഎൽ സീസണിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് ഇംഗ്ലണ്ട് മുന്‍ സ്‌പിന്നര്‍ പറഞ്ഞത്.

സ്റ്റോക്സിന്‍റെ അച്ഛന്‍റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിൽ താരം അച്ഛനൊപ്പം നിൽക്കാനാണ് സാധ്യതയെന്നും പനേസര്‍ പറഞ്ഞു. സ്റ്റോക്സ് അടുത്ത മാസം
ആദ്യം യുഎഇയിലെത്തുമെന്നും 10 മത്സരത്തിലെങ്കിലും രാജസ്ഥാനായി ഇറങ്ങുമെന്നും ഗള്‍ഫിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂസിലന്‍ഡിലേക്ക് പോയതിനാൽ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുഴുവനായും സ്റ്റോക്സിന് നഷ്ടമായിരുന്നു. 

ഇംഗ്ലണ്ടിൽ നിന്ന് തന്നെയുളള ടോം കറനാണ് ഇപ്പോള്‍ വിദേശ ഓള്‍റൗണ്ടറായി രാജസ്ഥാന്‍ റോയൽസ് ടീമിലുള്ളത്. ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രാത്രി 7.30ന് ഷാര്‍ജയിലാണ് മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 9 സിക്സര്‍ പറത്തി സീസൺ തുടങ്ങിയ സഞ്ജു സാംസൺ ഷാര്‍ജയിൽ വീണ്ടും കൊടുങ്കാറ്റാകുമോ എന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍. 

ഗെയ്‌ല്‍ ഇന്നെങ്കിലും ഇറങ്ങുമോ? പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ

സൂപ്പർ താരം മടങ്ങിയെത്തും, വീണ്ടും തീപ്പൊരി പാറിക്കാൻ സഞ്ജു; രാജസ്ഥാൻ ഇലവൻ സാധ്യത