അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള ദിനേശ് കാര്‍ത്തിക്കിന്‍റെ തീരുമാനം ഇന്നലെയാണ് ടീമിനെ അറിയിച്ചതെന്നും എല്ലാവരെയും പോലെ താനും ആ തീരുമാനം കേട്ട് അത്ഭുതപ്പെട്ടുവെന്നും പുതിയ നായകന്‍ ഓയിന്‍ മോര്‍ഗന്‍. മുംബൈക്കെതിരായ മത്സരത്തിലെ ടോസിനുശേഷമാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാര്‍ത്തിക്കിന്‍റെ തീരുമാനത്തെക്കുച്ച് മോര്‍ഗന്‍ പ്രതികരിച്ചത്.

ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഇന്നലെയാണ് കാര്‍ത്തിക്ക് ടീം അംഗങ്ങളെ അറിയിച്ചത്. അതുകേട്ട് എല്ലാവരെയും പോലെ ഞാനും അത്ഭുതപ്പെട്ടു. എന്നാല്‍ വ്യക്തി താല്‍പര്യത്തെക്കാള്‍ ടീമിന്‍റെ താല്‍പര്യത്തിനാണ് കാര്‍ത്തിക്ക് മുന്‍ഗണന കൊടുത്തത്. ഇത്തരമൊരു തീരുമാനമെടുക്കാന്‍ ആസാമാന്യ ധൈര്യം വേണം. ടീമിന്‍റെ താല്‍പര്യത്തിനുവേണ്ടിയായിരുന്നു കാര്‍ത്തിക്കിന്‍റെ ഈ നിസ്വാര്‍ത്ഥ തീരുമാനം.

ടീമിന്‍റെ വൈസ് ക്യാപ്റ്റനില്‍ നിന്ന് ഇപ്പോള്‍ ക്യാപ്റ്റനായതില്‍ സന്തോഷമുണ്ടെന്നും മോര്‍ഗന്‍ പറഞ്ഞു. ഐപിഎല്ലിലെ മോശം ബാറ്റിംഗും നായകനെന്ന നിലയിലുള്ള മോശം പ്രകടനവുമാണ് കാര്‍ത്തിക്കിനെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിച്ചത്. ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കാര്‍ത്തിക്കിന് പക്ഷെ ക്യാപ്റ്റനല്ലാതെ ഇറങ്ങിയ ആദ്യകളിയില്‍ നാലു റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈക്കെതിരെ നാലാമനായി ക്രീസിലെത്തിയ കാര്‍ത്തിക്ക് രാഹുല്‍ ചാഹറിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.