ദുബായ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 7 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിണ്ട്. ഷെയ്ന്‍ വാട്‌സണ്‍ (20 പന്തില്‍ 23), ഫാഫ് ഡു പ്ലെസിസ് (22 പന്തില്‍ 37) എന്നിവരാണ് ക്രീസില്‍. നേരത്തെ കെ എല്‍ രാഹുല്‍ (52ന്തില്‍ 63), നിക്കോളാസ് പൂരന്‍ (17 പന്തില്‍ 33) എന്നിവരുടെ ഇന്നിങ്‌സാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

അവസാനങ്ങളില്‍ ചെന്നൈ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് പഞ്ചാബിന്റെ റണ്ണൊഴുക്ക് തടഞ്ഞത്. ചെന്നൈയ്ക്ക് വേണ്ടി ഷാര്‍ദുല്‍ ഠാകൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, പിയൂഷ് ചൗള എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. രാഹുല്‍- മായങ്ക് അഗര്‍വാള്‍ (19 പന്തില്‍ 26) എന്നിവര്‍ മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. എട്ട് ഓവറില്‍ ഇരുവരും 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മായങ്കിനെ പുറത്താക്കി ചൗള ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ എത്തിയത് മന്‍ദീപ് സിങ്. 16 പന്തുകള്‍ നേരിട്ട മന്‍ദീപ് 27 റണ്‍സ് നേടി. ഇതില്‍ രണ്ട് സിക്‌സുകളുണ്ടായിരുന്നു. രാഹുലിനൊപ്പം 33 റണ്‍സാണ് മന്‍ദീപ് കൂട്ടിച്ചേര്‍ത്തത്. മന്‍ദീപ് പിന്നീട് ഡേജയുടെ പന്തില്‍ പുറത്താവുകയായിരുന്നു. 

ക്രീസില്‍ പൂരനെത്തിയപ്പോഴാണ് പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡില്‍ വലിയ അനക്കുണ്ടായത്. 17 പന്തുകള്‍ മാത്രം നേരിട്ട താരം 33 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ മൂന്ന് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. രാഹുലിനൊപ്പം 58 റണ്‍സാണ് പൂരന്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഠാകൂറിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി പൂരന്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ രാഹുല്‍ മടങ്ങിയതും പഞ്ചാബിന് തിരിച്ചടിയായി. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. 

അവസാനങ്ങളില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഏഴ് പന്തില്‍ 11), സര്‍ഫറാസ് ഖാന്‍ (ഒമ്പത് പന്തി 14) എന്നിവരാണ് സ്‌കോര്‍ 180ന് അടുത്തെത്തിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന രണ്ട് ടീമുകളാണ് ഇരുവരും. അതുകൊണ്ടുതന്നെ രണ്ട് ടീമിനും ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. 

മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് പഞ്ചാബ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കരുണ്‍ നായര്‍, കൃഷ്ണപ്പ ഗൗതം, ജയിംസ് നീഷാം എന്നിവര്‍ പുറത്തായി. മന്‍ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ പകരക്കാരായെത്തി. എന്നാല്‍ ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.