ദുബായ്: ഐപിഎല്ലില്‍ ആദ്യമത്സരത്തിനിറങ്ങും മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസവാര്‍ത്ത. ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരക്കുശേഷം യുഎഇയിലെത്തിയ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. ഏകദിന പരമ്പരക്കുശേഷം വ്യാഴാഴ്ചയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ട്-ഓസീസ് ടീമുകളിലെ 21 താരങ്ങള്‍ യുഎഇയിലെത്തിയത്.

36 മണിക്കൂര്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയരായ താരങ്ങള്‍ ഇതിനുശേഷം ടീമിനൊപ്പം ചേര്‍ന്നു. വെള്ളിയാഴ്ചയാണ് സ്മിത്ത്, ആര്‍ച്ചര്‍, ബട്‌ലര്‍ എന്നിവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

കൊവിഡ‍് പരിശോധനയില്‍ നെഗറ്റീവായെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ തലക്ക് പരിക്കേറ്റ സ്മിത്ത് ആദ്യ മത്സരത്തിനിറങ്ങുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുകൂലമായാല്‍ മാത്രമെ സ്മിത്ത് ആദ്യ മത്സരത്തിനിറങ്ങൂ എന്നാണ് സൂചന. 22ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് ഐപിഎല്ലില്‍ രാജസ്ഥാന്റെ ആദ്യ മത്സരം.