മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ബാറ്റിംഗില്‍ അമ്പേ പരാജയമായിരുന്നു ഡല്‍ഹി കാപിറ്റല്‍സ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. അലക്ഷ്യമായി ഷോട്ടുകള്‍ കളിച്ച് പുറത്താകുന്ന ഷായെയാണ് സീസണിലുടനീളം കണ്ടത്. ഓപ്പണറായിട്ടും ഒരിക്കല്‍ പോലും ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യമുറപ്പിക്കാന്‍ താരത്തിനായില്ല. ഇതോടെ വലിയ വിമര്‍ശനം നേരിടുന്ന പൃഥ്വി ഷായ്‌ക്ക് ഉപദേശം നല്‍കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. 

ഇതിഹാസ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ മാതൃകയാക്കണം എന്നാണ് ഷായ്‌ക്ക് മഞ്ജരേക്കല്‍ നല്‍കുന്ന ഉപദേശം. 'പ്രിയപ്പെട്ട പൃഥ്വി ഷാ, അസാധ്യമായ ഷോട്ടുകള്‍ക്ക് ശ്രമിക്കരുത്. അസാധാരണമാണ് ആ ഷോട്ടുകള്‍ എന്നതുതന്നെ കാരണം. വീരേന്ദര്‍ സെവാഗിനെ റോള്‍ മോഡലായി എടുക്കുക. തനിക്ക് കഴിയുന്ന, ആത്മവിശ്വാസമുള്ള ഷോട്ടുകളില്‍ അദേഹം നിലയുറപ്പിക്കുന്നത് കണ്ട് പഠിക്കുക' എന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റ്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍പേര് എന്ന വിശേഷണവുമായി എത്തിയ പൃഥ്വി ഷാ ഐപിഎല്ലില്‍ പൂര്‍ണ പരാജയമാകുന്ന കാഴ്‌ചയാണ് ഇക്കുറി കണ്ടത്. ഈ സീസണില്‍ 13 മത്സരങ്ങളില്‍ 17.53 മാത്രം ശരാശരിയുമായി 228 റണ്‍സേ താരത്തിന് നേടാനായുള്ളൂ. ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് ഡല്‍ഹി കാപിറ്റല്‍സ് ദയനീയ തോല്‍വി വഴങ്ങിയപ്പോള്‍ ഷാ പൂജ്യത്തില്‍ പുറത്തായി. ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ഡല്‍ഹി ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ രണ്ട് ബോളുകള്‍ മാത്രം നേരിട്ട് വിക്കറ്റ് കീപ്പര്‍ ഡികോക്കിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. 

ഏതുകാലത്തും അവര്‍ ഒന്നാമതായിരിക്കും; ബുംറയേയും ആര്‍ച്ചറേയും കുറിച്ച് ബ്രയാന്‍ ലാറ