ദുബായ്: ആന്ദ്രേ റസല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെയിറങ്ങിയാല്‍ ഡബിള്‍ സെഞ്ചുറി പോലും സംഭവിച്ചേക്കാം എന്ന വിലയിരുത്തലുകളുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉപദേശകനായ ഡേവിഡ് ഹസി തന്നെ ഇക്കാര്യം മുമ്പ് പറഞ്ഞിട്ടുണ്ട്. ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ആവേശം കൊള്ളിക്കുന്ന ഈ പ്രവചനം യാഥാര്‍ഥ്യമാകുമോ. എന്താണ് ഈ സീസണില്‍ റസലിന്‍റെ കാര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പദ്ധതിയിടുന്നത്. 

പതിമൂന്നാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ആദ്യ അങ്കത്തിന് മുമ്പ് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'മത്സരത്തിന് അനുസരിച്ച് താരങ്ങളെ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ആന്ദ്രേ റസല്‍ കഴിഞ്ഞ സീസണില്‍ 54 സിക്‌സറുകള്‍ പായിച്ചു. അവസാന പത്ത് ഓവറിന് അനുയോജ്യമാണ് റസലിന്‍റെ ബാറ്റിംഗ്. സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ റസലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെയിറക്കും. റസലും കാര്‍ത്തിക്കും മാധ്യനിരയെ ശക്തിപ്പെടുത്തും. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ സാന്നിധ്യം ടീമിന് കരുത്താകും' എന്നും മക്കല്ലം പറഞ്ഞു. 

ടീമിന് ഗുണം ചെയ്യുന്ന തീരുമാനമാണെങ്കില്‍ റസലിനെ മൂന്നാമനായി ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് ഡേവിഡ് ഹസി നേരത്തെ വ്യക്തമാക്കിയിരുന്നു. '60 പന്തുകള്‍ റസലിന് നേരിടാന്‍ കഴിഞ്ഞാല്‍ ആ ബാറ്റില്‍ നിന്ന് ഇരട്ട സെഞ്ചുറി പിറക്കും. ടി20 ക്രിക്കറ്റില്‍ എന്തും സംഭവിപ്പിക്കാന്‍ കരുത്തുള്ള താരമാണ് റസലെന്നും' ഹസി ഈ മാസം ആദ്യം പറഞ്ഞു. ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച ഓയിന്‍ മോര്‍ഗന്‍റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നും ഹസി അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. 

കഴിഞ്ഞ സീസണില്‍ ഇടിവെട്ട് ഫോമിലായിരുന്ന റസല്‍ 13 ഇന്നിംഗ്‌സില്‍ നിന്ന് 510 റണ്‍സാണ് അടിച്ചെടുത്തത്. 11 വിക്കറ്റും താരം സ്വന്തമാക്കി. 2019 സീസണില്‍ ബാറ്റിംഗ് ഓര്‍ഡറിനെ ചൊല്ലി കൊല്‍ക്കത്ത ക്യാമ്പില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം വേണമെന്ന് റസല്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ത്തിക് ഇതിനോട് മുഖം തിരിച്ചതാണ് ചര്‍ച്ചകള്‍ക്കിടയാക്കിയത്. എന്നാല്‍ റസലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞുതീര്‍ത്തുവെന്ന് കാര്‍ത്തിക് കഴിഞ്ഞ ജൂലൈയില്‍ പറഞ്ഞിരുന്നു.

ഐപിഎല്ലില്‍ യുവ ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍; കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്, ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും