ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മുന്‍നിര തകര്‍ന്നു. 10 റണ്‍സിനിടെ മൂന്ന് വിക്കറ്റ് വിക്കറ്റ് നഷ്‌ടമായ കൊല്‍ക്കത്ത പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 54-3 എന്ന സ്‌കോറിലാണ്. മൂന്ന് വിക്കറ്റ് നഷ്‌ടമായി പ്രതിരോധത്തിലായെങ്കിലും ഓയിന്‍ മോര്‍ഗനും ശുഭ്‌മാന്‍ ഗില്ലും തകര്‍ത്തടിച്ച് മുന്നേറുകയാണ്. 

ടോസ് നേടിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് പഞ്ചാബും കൊല്‍ക്കത്തയും ഇറങ്ങിയത്.  മാക്‌സ്‌വെല്ലിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റാണ(0) ഷോര്‍ട്‌ഫൈന്‍ ലെഗില്‍ ഗെയ്‌ലിന്‍റെ കൈകളിലെത്തി. രണ്ടാം ഓവറില്‍ ഷമി പന്തെടുത്തപ്പോള്‍ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠി(7) വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളില്‍. അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കും(0) എഡ്‌ജായി രാഹുലിന്‍റെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ ആദ്യ രണ്ട് ഓവറില്‍ 10-3 എന്ന സ്‌കോറിലായി കൊല്‍ക്കത്ത. 

കൊല്‍ക്കത്ത ഇലവന്‍: ശുഭ്‌‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍(നായകന്‍), സുനില്‍ നരെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗ്യൂസണ്‍, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്‌ണ, വരുണ്‍ ചക്രവര്‍ത്തി

പഞ്ചാബ് ഇലവന്‍: കെ എല്‍ രാഹുല്‍(നായകന്‍), മന്‍ദീപ് സിംഗ്, ക്രിസ് ഗെയ്‌ല്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, മുരുകന്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിംഗ്

നിലവില്‍ കൊല്‍ക്കത്ത നാലാമതും പഞ്ചാബ് അഞ്ചാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് കൊല്‍ക്കത്തയെ മറികടന്ന് ആദ്യ നാലിലെത്താം. ഇതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതല്‍ കനക്കും. നിലവില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് 14 പോയിന്റ് വീതമാണുള്ളത്. മൂവരും 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റാണുള്ളത്. പഞ്ചാബിന് പത്തും. 

Powered by