പരിശീലന സെഷനില്‍ പോലും റസലിനെതിരെ പന്തെറിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൊല്‍ക്കത്തയുടെ കുല്‍ദീപ് യാദവ് പറഞ്ഞിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന പ്രകടനാണ് റസല്‍ കഴിഞ്ഞ ദിവസം പുറത്തെടുത്തത്.

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാളെ ആദ്യ പോരിനിറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ബാറ്റിംഗിനായാണ്. കഴിഞ്ഞ സീസണിലെ അമാനുഷിക പ്രകടനത്തോടെ റസല്‍ ആരാധകരുടെ പ്രിയതാരമായി കഴിഞ്ഞു. ഇത്തവണ ഐപിഎല്ലിന് മുന്നോടിയായി നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ഐപിഎല്ലില്‍ റസല്‍ വിശ്വരൂപം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

പരിശീലന സെഷനില്‍ പോലും റസലിനെതിരെ പന്തെറിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൊല്‍ക്കത്തയുടെ കുല്‍ദീപ് യാദവ് പറഞ്ഞിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന പ്രകടനാണ് റസല്‍ കഴിഞ്ഞ ദിവസം പുറത്തെടുത്തത്. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയ റസല്‍ തനിക്കു നേരെ വന്ന പന്തുകളെല്ലാം ഒന്നൊന്നായി അടിച്ചുപറത്തിയപ്പോള്‍ അതിലൊരെണ്ണം കൊണ്ടത് റസലിന്റെ ബാറ്റിംഗ് പകര്‍ത്താന്‍വെച്ച ക്യാമറയിലായിരുന്നു. റസലിന്റെ അടിയില്‍ ക്യാമറയുടെ ചില്ല് തകരുകയും ചെയ്തു.

Scroll to load tweet…

റസലിനെ ഇത്തവണ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കുന്ന കാര്യം പരിഗണിക്കുമെന്ന് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. ഐപിഎല്ലില്‍ നാളെ മുംബൈ ഇന്ത്യന്‍സിനെതിരെ ആണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. ആദ്യമത്സരത്തില്‍ ചെന്നൈയോട് തോറ്റ മുംബൈ ആദ്യ ജയം തേടിയാണ് നാളെ ഇറങ്ങുന്നത്.