ദുബായ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കയ്യാലപ്പുറത്താണെങ്കിലും റണ്‍വേട്ടയില്‍ മുന്നിലുള്ള പഞ്ചാബിന്‍റെ നായകനായ കെ എല്‍ രാഹുലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ച രാഹുല്‍ ടീമിന്‍റെ  പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയിട്ടുമുണ്ട്. ഇതിനിടെ രാഹുലിനെ പ്രശംസകൊണ്ട് മൂടി രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ.

തന്‍റെ ടെസ്റ്റ്, എകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കളിക്കാരനാണ് രാഹുലെന്ന് ലാറ പറഞ്ഞു. രാഹുലാണ് എന്‍റെ ടെസ്റ്റ് ബാറ്റ്സ്മാന്‍, ഏകദിന ബാറ്റ്സ്മാന്‍, ടി20 ബാറ്റ്സ്മാന്‍ എന്ന് ലാറ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയിലും രാഹുല്‍ മികവ് കാട്ടി. രാഹുല്‍ ബാറ്റ് ചെയ്യുന്ന രീതി എനിക്കേറെ ഇഷ്ടമാണ്. ടീമിനെ ഒത്തൊരുമിച്ച് കൊണ്ടുപോകുന്നതില്‍ രാഹുല്‍ മിടുക്ക് കാട്ടി. ചില മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ ബുദ്ധിമുട്ടി എന്നത് ശരിയാണ്. പക്ഷെ അവിടെയും അദ്ദേഹം മെച്ചപ്പെടാന്‍ ശ്രമിക്കുന്നുണ്ട്-ലാറ പറഞ്ഞു.

ഐപിഎല്ലില്‍ ഇതുവരെ ഒമ്പത് കളികളില്‍ 525 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 2018നുശേഷം ഐപിഎല്ലലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാനും രാഹുലാണ്. 19 ഫിഫ്റ്റിയടക്കം 1777 റണ്‍സാണ് രാഹുല്‍ 2018നുശേഷം അടിച്ചുകൂട്ടിയത്. 1377 റണ്‍സടിച്ചിട്ടുള്ള ശിഖര്‍ ധവാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2018ലെ ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാതിരുന്നിട്ടും 1023 റണ്‍സടിച്ച ഡേവിഡ് വാര്‍ണറാണ് 2018നുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച മൂന്നാമത്തെ താരം.