ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിര്‍ണായക മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഷാര്‍ജയില്‍ രാത്രി 7.30നാണ് മത്സരം. നിലവില്‍ കാല്‍ക്കത്ത നാലാമതും പഞ്ചാബ് അഞ്ചാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് കൊല്‍ക്കത്തയെ മറികടന്ന് ആദ്യ നാലിലെത്താം. ഇതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതല്‍ കനക്കും.

നിലവില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് 14 പോയിന്റ് വീതമാണുള്ളത്. മൂവരും 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റാണുള്ളത്. പഞ്ചാബിന് പത്തും. ഡല്‍ഹിയെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിച്ച ത്മവിശ്വാസത്തിലാകും കൊല്‍ക്കത്ത. പവര്‍പ്ലേയിലെ മെല്ലെപ്പോക്കിനും ദിനേശ് കാര്‍ത്തിക്കിന്റെ മോശം ഫോമിനും പരിഹാരമായിട്ടില്ല.

ഗെയ്ലിന്റെ വരവോടെ തലവര മാറിയ പഞ്ചാബ് തുടര്‍ച്ചയായ നാല് ജയങ്ങളോടെ എതിരാളികളെ അമ്പരപ്പിച്ചു. ഡെത്ത് ഓവറുകളിലെ ബൗളിംഗ് പ്രശ്‌നങ്ങള്‍ക്ക് കുറച്ചൊക്കെ പരിഹാരമായതും ക്രിസ് ഗെയ്‌ലും നിക്കോളാസ് പുരാനും റണ്‍സ് കണ്ടെത്തുന്നതും കുംബ്ലെക്ക് ആശ്വാസമാണ്. ഹൈദരാബാദിനെതിരെ പുറത്തിരുന്ന മായങ്ക് അഗര്‍വാളിന്റെ പരിക്ക് ഭേദമായെന്നാണ് വിവരം. അബുദാബിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്ത രണ്ട് റണ്‍സിന് ജയിച്ചിരുന്നു.

സാധ്യത ഇലവന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാദി, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, ലോക്കി ഫെര്‍ഗൂസണ്‍, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ച്ക്രവര്‍ത്തി. 

കിംഗ്‌സ് ഇവലന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌നോയ്, എം അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.