Asianet News MalayalamAsianet News Malayalam

ഫിഞ്ചില്‍ തുടങ്ങി എബിഡിയുടെ വെടിക്കെട്ടില്‍ അവസാനിച്ചു; ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

 എബി ഡിവില്ലിയേഴ്‌സ് (33 പന്തില്‍ 73), ആരോണ്‍ ഫിഞ്ച് (37 പന്തില്‍ 47) എന്നിവരുടെ പ്രകടനമാണ് കോലിപ്പടയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.


 

IPL 2020 Kolkata need huge total to win against Banglore
Author
Sharjah - United Arab Emirates, First Published Oct 12, 2020, 9:22 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. എബി ഡിവില്ലിയേഴ്‌സ് (33 പന്തില്‍ 73), ആരോണ്‍ ഫിഞ്ച് (37 പന്തില്‍ 47) എന്നിവരുടെ പ്രകടനമാണ് കോലിപ്പടയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആന്ദ്രേ റസ്സല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ച്- ദേവ്ദത്ത് പടിക്കല്‍ (23 പന്തില്‍ 32) സഖ്യം ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ ദേവ്ദത്ത് മടങ്ങി. റസ്സലിന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീടെത്തിയ വിരാട് കോലിക്ക് (28 പന്തില്‍ 33) പതിവ് ശൈലിയില്‍ തുടങ്ങാനായില്ല. ഇന്നിങ്‌സിലൊന്നാകെ തപ്പിത്തടഞ്ഞ കോലിക്ക് ഒരു ബൗണ്ടറി മാത്രമാണ് നേടാന്‍ സാധിച്ചത്. 

ഇതിനിടെ ഫിഞ്ചും മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ ഫിഞ്ചിന്റെ വിക്കറ്റ് തെറിച്ചു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. എന്നാല്‍ ഡിവില്ലിയേഴ്‌സ് ഷാര്‍ജയിലെ ചെറിയ ഗ്രൗണ്ട് ശരിക്കും മുതലെടുത്തു. പതിയെ തുടങ്ങിയെങ്കിലും പിന്നീട് ആളിക്കത്തിയ ഡിവില്ലിയേഴ്‌സ് 33 പന്തില്‍ 73 റണ്‍സ് നേടി. ആറ് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. കോലിക്കൊപ്പം 100 റണ്‍സാണ് ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തത്. 

നേരത്തെ ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരുടീമുകളും ഇറങ്ങിയത്. ബാംഗ്ലൂരില്‍ ഗുര്‍കീരത് സിംഗ് മന്‍ പുറത്തായപ്പോള്‍ മുഹമ്മദ് സിറാജ് ടീമില്‍ തിരിച്ചെത്തി. കൊല്‍ക്കത്തയില്‍ സ്പിന്നര്‍ സുനില്‍ നരെയ്‌ന് പകരം ടോം ബാന്റണ്‍ പ്ലയിംഗ് ഇലവനിലെത്തി. ഇംഗ്ലീഷ് താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റമാണിത്.

ഇരു ടീമുകളും ആറ് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ നാല് ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ബാംഗ്ലൂരിനേക്കാള്‍ ഒരുപടി മുന്നിലാണ്. മൂന്നാംസ സ്ഥാനത്താണ് കൊല്‍ക്കത്ത. ബാംഗ്ലൂല്‍ തോട്ടുതാഴെയുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, ടോം ബാന്റന്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, ശിവം ദുബെ, ക്രിസ് മോറിസ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

 

Follow Us:
Download App:
  • android
  • ios