ദുബായ്: ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍വി വഴങ്ങാനുണ്ടായ പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് രവീന്ദ്ര ജഡേജയുടെ ഓവറാണ്. സിഎസ്‌കെ ആരാധകര്‍ പോലും ജഡേജയ്‌ക്കെതിരെ തിരിഞ്ഞുതുടങ്ങി. ചെന്നൈ ഉയര്‍ത്തിയ 179നെതിരെ 16 റണ്‍സാണ് അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജഡേജയെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുള്‍ നേടി അക്‌സര്‍ പട്ടേല്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അവസാന ഓവര്‍ ജഡേജയെ ഏല്‍പ്പിക്കാനുള്ള തീരുമാനം വ്യാപകമായി എതിര്‍ക്കപ്പെട്ടിരുന്നു.

എന്നാല്‍ ജഡേജയുടെ കാരണം കൊണ്ടല്ല ചെന്നൈ പരാജയപ്പെട്ടതെന്ന് വ്യക്തമാക്കുകയാണ് മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. ചെന്നൈയുടെ ഭാഗത്തുനിന്ന് ധാരാളം പിഴവുകളുണ്ടായിരുന്നുവെന്ന് സംഗക്കാര വ്യക്തമാക്കി. ''ഫീല്‍ഡിങ്ങിലെ പിഴവുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ചരിച്ചത്. ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് തോല്‍വിക്ക് കാരണമായി. ധാരാളം പിഴവുകള്‍ ചെന്നൈയ്ക്ക് സംഭവിച്ചു. അല്ലാതെ രവീന്ദ്ര ജഡേജയുടെ ഓവറല്ല ചെന്നൈയെ ചതിച്ചത്. ഇത്രയാണ് സംഭവിച്ചത്.  ധവാന്‍ കിട്ടിയ അവസരമെല്ലാം മുതലെടുത്ത് സ്‌കോറിംഗ് നിരക്ക് ഉയര്‍ത്തി. മൂന്ന് അവസരങ്ങളാണ് ധവാന്‍ നല്‍കിയത്. എന്നാല്‍ ചെന്നൈ ഫീല്‍ഡര്‍മാര്‍ മുതലാക്കിയില്ല. ധവാന്‍ നേരത്തെ പുറത്തായിരുന്നെങ്കില്‍ അവസാന ഓവറില്‍ ഒരുപാട് റണ്‍സ് ഡല്‍ഹിക്ക് മുന്നിലുണ്ടാവുമായിരുന്നു. ഒരുപക്ഷേ അതിന് മുമ്പ് കളി ജയിക്കുകയും ചെയ്യുമായിരുന്നു.'' സംഗ പറഞ്ഞു. 

അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. ഫാഫ് ഡു പ്ലെസിസ് (47 പന്തില്‍ 58), അമ്പാട്ടി റായുഡു (25 പന്തില്‍ 45), ഷെയ്ന്‍ വാട്‌സണ്‍ (28 പന്തില്‍ 36), രവീന്ദ്ര ജഡേജ (13 പന്തില്‍ 33) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 58 പന്തില്‍ പുറത്താവാതെ 101 നേടിയതാണ് ഡല്‍ഹി ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അക്‌സര്‍ പട്ടേല്‍ അഞ്ച് പന്തില്‍ 21 പുറത്താവാതെ നിന്നു.