ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് മുന്നോട്ടുവച്ച 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തുടക്കം പാളി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. പഞ്ചാബ് ഏഴ് ഓവറില്‍ നാല് വിക്കറ്റിന് 40 റണ്‍സെന്ന നിലയിലാണ്. രാഹുലിനെ(21) അഞ്ചാം ഓവറില്‍ മോഹിത് ശര്‍മ്മ ബൗള്‍ഡാക്കിയപ്പോള്‍ കരുണ്‍ നായരെയും(1) നിക്കോളസ് പുരാനെയും(0) തൊട്ടടുത്ത ഓവറില്‍ അശ്വിനും മടക്കി. ഏഴാം ഓവറില്‍ മാക്‌സ്‌വെല്ലിനെ(1) റബാദ പറഞ്ഞയച്ചു. മായങ്കും സര്‍ഫ്രാസുമാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സ് നേടി. 21 പന്തില്‍ 53 റണ്‍സെടുത്ത സ്റ്റോയിനിസാണ് ടോപ് സ്‌കോറര്‍. അവസാന ഓവറുകൾ തന്റേതു മാത്രമാക്കി സ്റ്റോയിനിസ് മാറ്റുകയായിരുന്നു. സ്റ്റോയിനിസ് 20 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ അവസാന ഓവറില്‍ മാത്രം 30 റണ്‍സ് പിറന്നു. മുഹമ്മദ് ഷമി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷെല്‍ഡ്രണ്‍ കോട്രല്‍ രണ്ട് പേരെയും ക്രിസ് ജോർദാൻ ഒരാളെയും മടക്കി. 

ആഞ്ഞടിച്ച് ഷമി കൊടുങ്കാറ്റ്

മുഹമ്മദ് ഷമിയുടെ പേസാക്രമണത്തില്‍ ഡല്‍ഹി തുടക്കത്തിലെ പതുങ്ങലിലായിരുന്നു. ശിഖര്‍ ധവാന്‍(0), പൃഥ്വി ഷാ(5), ഷിംറോണ്‍ ഹെറ്റ്മയേര്‍(7) എന്നിവരുടെ വിക്കറ്റുകള്‍ നാല് ഓവറിനിടെ വീണു. രണ്ടാം ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ ധവാന്‍ റണ്ണൗട്ടായി. നാലാം ഓവറിന്റെ മൂന്നാം പന്തില്‍ ഷമിക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ച പൃഥ്വിക്കും പിഴച്ചു. മിഡ് ഓണില്‍ ക്രിസ് ജോര്‍ദാനായിരുന്നു ക്യാച്ച്. അതേ ഓവറിന്റെ അവസാന പന്തില്‍ ഹെറ്റ്മയേറും ഷമിക്ക് മുന്നില്‍ കീഴടങ്ങി. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ എക്‌സ്ട്രാ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മായങ്ക് അഗര്‍വാളിന്റെ കൈകളിലേക്ക്. 

കറക്കിവീശി സ്റ്റോയിനിസ് വെടിക്കെട്ട്

ആദ്യ 10 ഓവറില്‍ 49 റണ്‍സ് മാത്രമാണ് ഡല്‍ഹിക്കുണ്ടായിരുന്നത്. ആഞ്ഞടിക്കാനുള്ള ശ്രമത്തിനിടെ ബിഷ്‌ണോയി എറിഞ്ഞ 14-ാം ഓവറിലെ അവസാന പന്തില്‍ റിഷഭ് പന്ത്(31) ബൗള്‍ഡായി. തൊട്ടടുത്ത ഓവറില്‍ ഷമിയുടെ ആദ്യ പന്തില്‍ ശ്രേയസ് അയ്യരും(39) വീണു. കോട്രലിന്‍റെ 17-ാം ഓവറിലെ ആദ്യ പന്തില്‍ അക്ഷാര്‍ പട്ടേലും(6) പുറത്ത്. അവസാന ഓവറുകളില്‍ മാര്‍കസ് സ്റ്റോയിനിസ് നടത്തിയ വെടിക്കെട്ടാണ് ഡല്‍ഹിക്ക് തുണയായത്. എന്നാല്‍ ഇതിനിടെ അശ്വിന്‍റെ(4) വിക്കറ്റ് നഷ്‌ടമായി. ഒരു പന്ത് നില്‍ക്കേ സ്റ്റോയിനിസ് പുറത്തായെങ്കിലും ഡല്‍ഹി മികച്ച സ്‌കോറിലെത്തിയിരുന്നു.