ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. രാജസ്ഥാനെ തോല്‍പിച്ച് അവസാന നാലിലേക്ക് പ്രതീക്ഷ നീട്ടിയെടുത്തിട്ടുണ്ട് സണ്‍റൈസേഴ്‌സ്.

ഇരു ടീമുകള്‍ക്കും പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ഒരു പടി മുന്നിലാണ്. അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്. കിംഗ്‌സ് ഇലവന്‍ ആറാമതും. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ക്രിസ് ഗെയിലും നിക്കോളാസ് പുരാനും ചേരുമ്പോള്‍ ബാറ്റിംഗ് നിരയില്‍ ആശങ്കകളില്ല. മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും ഉഗ്രന്‍ ഫോമിലാണെന്നുള്ളതും പഞ്ചാബിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. 
 
ഡേവിഡ് വാര്‍ണര്‍- വാര്‍ണര്‍ ബെയ്ര്‍‌സ്റ്റോ സഖ്യം പരാജയപ്പെട്ടിട്ടും മനീഷ് പാണ്ഡേയും വിജയ് ശങ്കറും അര്‍ധസെഞ്ച്വറികളുമായി അവസരത്തിന് ഒത്തുയര്‍ന്നതിന്റെ ആശ്വാസത്തിലാണ് ഹൈദരാബാദ്. കെയ്ന്‍ വില്യംസണ്‍ പരുക്ക് മാറിയെത്തുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. പകരമെത്തിയ ജേസണ്‍ ഹോള്‍ഡര്‍ മികച്ച ഫോമിലുമായിരുന്നു. സീസണില്‍ ആദ്യം ഏറ്റമുട്ടിയപ്പോള്‍ ഹൈദരാബാദ് 69 റണ്‍സിന് ജയിച്ചിരുന്നു. 

സാധ്യതാ ഇലവന്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജയിംസ് നീഷാം, ദീപക് ഹൂഡ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, എം അശ്വിന്‍. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഷഹബാസ് നദീം, ടി നടരാജന്‍, സന്ദീപ് ശര്‍മ.