അബുദാബി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം റണ്ണൗട്ടോ നിതീഷ് റാണയുടേത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ആരാധകര്‍ക്കിടയില്‍ ചിരിപടര്‍ത്തി ഈ പുറത്താകല്‍. ഒരു മുട്ടന്‍ കോമഡി എന്ന പരിഹാസത്തോടെയാണ് ഈ റണ്ണൗട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ നാലാം ഓവറിലായിരുന്നു സംഭവം. തൊട്ടു മുമ്പത്തെ ഓവറില്‍ രാഹുല്‍ ത്രിപാഠിയെ നഷ്‌ടമായി കൊല്‍ക്കത്ത സമ്മര്‍ദത്തിലായ സന്ദര്‍ഭം. മൂന്നാം പന്തില്‍ അര്‍ഷ്‌ദീപ് സിംഗിനെതിരെ ഗില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓടിത്തുടങ്ങിയെങ്കിലും അപകടംമണത്ത ഗില്‍ സ്വന്തം ക്രീസിലേക്ക് തിരിച്ചുകയറി. നോണ്‍സ്‌ട്രൈക്കില്‍ നിന്ന നിതീഷ് റാണയാവട്ടെ ഇതിനകം സ്‌ട്രൈക്ക് എന്‍ഡിനരികെയുമെത്തി. മുഹമ്മദ് ഷമിയുടെ ത്രോ ഏറ്റുവാങ്ങി നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് പാഞ്ഞ നിക്കോളാസ് പുരാന്‍, റാണയെ അനായാസം സ്റ്റംപ് ചെയ്തു. എന്താണ് സംഭവിച്ചതെന്ന് റാണയ്‌ക്ക് പിടികിട്ടാന്‍ കുറച്ച് സമയമെടുത്തു. 

കാണാം വീഡിയോ

റാണ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ 3.3 ഓവറില്‍ 14-2 എന്ന നിലയില്‍ പ്രതിരോധത്തിലായി കൊല്‍ക്കത്ത. എന്നാല്‍ തുടക്കം തകര്‍ന്ന ശേഷം വെടിക്കെട്ടുമായി ടീമിനെ മികച്ച ടോട്ടലില്‍ എത്തിച്ചു നായകന്‍ ദിനേശ് കാര്‍ത്തിക്. കാര്‍ത്തിക് 29 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സെടുത്തു. ഡികെ നാലാം വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം 82 റണ്‍സ് ചേര്‍ത്തതാണ് കൊല്‍ക്കത്തയെ കരകയറ്റിയത്. ഗില്ലും അര്‍ധ സെഞ്ചുറി(47 പന്തില്‍ 57) നേടി. 23 പന്തില്‍ 24 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനാണ് മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍.