Asianet News MalayalamAsianet News Malayalam

അവസാന ഓവറുകളില്‍ ചെന്നൈയുടെ മാസ് തിരിച്ചുവരവ്; മുംബൈക്ക് കൂറ്റന്‍ സ്‌കോറില്ല

കൊവിഡ് മുക്തനായെത്തിയ ദീപക് ചാഹറിന്‍റെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ചാണ് രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും തുടങ്ങിയത്

IPL 2020 live updates csk needs 163 runs to win vs mi
Author
Abu Dhabi - United Arab Emirates, First Published Sep 19, 2020, 9:28 PM IST

അബുദാബി: ഐപിഎല്ലിലെ ക്ലാസിക് ഉദ്ഘാടന പോരില്‍ മികച്ച തുടക്കം ലഭിച്ച മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവറുകളില്‍ വരിഞ്ഞുമുറുക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തിരിച്ചുവരവ്. പവര്‍പ്ലേയില്‍ 51 റണ്‍സെടുത്തിരുന്ന മുംബൈയെ ചെന്നൈ 20 ഓവറില്‍ 162-9 എന്ന സ്‌കോറില്‍ ചുരുക്കി. 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. എങ്കിഡി മൂന്നും ജഡേജയും ചാഹറും രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് ക്യാച്ചുമായി ഡുപ്ലസി ഫീല്‍ഡില്‍ താരമായി. 

ചൗളയെ ഇറക്കി ധോണിയുടെ ട്വിസ്റ്റ്

IPL 2020 live updates csk needs 163 runs to win vs mi

കൊവിഡ് മുക്തനായെത്തിയ ദീപക് ചാഹറിന്‍റെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ചാണ് രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും തുടങ്ങിയത്. ബ്രേക്ക്‌ത്രൂവിനായി പേസര്‍മാര്‍ ബുദ്ധിമുട്ടിയതോടെ അഞ്ചാം ഓവറില്‍ സ്‌പിന്നര്‍ പീയുഷ് ചൗളയെ ധോണി വിളിച്ചു. കളിയിലെ ആദ്യ ട്വിസ്റ്റ്. നാലാം പന്തില്‍ രോഹിത് ശര്‍മ്മ സാം കറന്‍റെ കൈകളില്‍ അവസാനിച്ചു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ ഡികോക്കിനെ വാട്‌സണിന്‍റെ കൈകളിലെത്തിച്ച് സാം കറന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കി. എങ്കിലും പവര്‍പ്ലേയില്‍ 50 കടക്കാന്‍ മുംബൈക്കായി. 

പാണ്ഡ്യയുടെ അടി, ജഡേജയുടെ തിരിച്ചടി, ഡുപ്ലസിയുടെ ഫീല്‍ഡിംഗ്

IPL 2020 live updates csk needs 163 runs to win vs mi

ക്രീസിലൊന്നിച്ച സൂര്യകുമാര്‍ യാദവും സൗരഭ് തിവാരിയും അടി തുടരാന്‍ ശ്രമിച്ചെങ്കിലും നീണ്ടില്ല. 11-ാം ഓവറില്‍ സൂര്യകുമാറിനെ(17) ചാഹര്‍ മടക്കി. ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ നേരിട്ട ആദ്യ ഓവറില്‍ തന്നെ ജഡേജക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സ് പറത്തി. ഇതോടെ മുംബൈ സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍ 15-ാം ഓവറില്‍ ജഡേജ ഒന്നൊന്നര തിരിച്ചുവരവ് നടത്തി. ആദ്യ പന്തില്‍ തിവാരി(31 പന്തില്‍ 42) ഡുപ്ലസിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. അഞ്ചാം പന്തില്‍ ഡുപ്ലസി വീണ്ടും ബൗണ്ടറിയില്‍ സാഹസികനായതോടെ ഹര്‍ദികും(10 പന്തില്‍ 14) വീണു. 

മാസ് തിരിച്ചുവരവുമായി എങ്കിടിയും

IPL 2020 live updates csk needs 163 runs to win vs mi

15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റിന് 126 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനുണ്ടായിരുന്നത്. മൂന്ന് റണ്‍സെടുത്ത ക്രുനാലിനെ എങ്കിഡി പറഞ്ഞയച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ശീലമുള്ള കീറോണ്‍ പൊള്ളാര്‍ഡിനെയും ചെന്നൈ തടുത്തിട്ടു. എങ്കിടി എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തില്‍ പൊള്ളാര്‍ഡ് പുറത്താക്കുമ്പോള്‍ 14 പന്തില്‍ 18 മാത്രം. അഞ്ചാം പന്തില്‍ പാറ്റിന്‍സണും(11) പുറത്ത്. ദീപക് ചാഹറിന്‍റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ബോള്‍ട്ട് ബൗള്‍ഡായി. പിന്നീടൊന്നും ജസ്‌പ്രീത് ബുമ്രക്കും രാഹുല്‍ ചാഹറിനും ചെയ്യാനായില്ല. ആദ്യ രണ്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങിയ ശേഷമാണ് അവസാന രണ്ട് ഓവറില്‍ ഒന്‍പതിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ എങ്കിടി തിരിച്ചടിച്ചത്. 

Follow Us:
Download App:
  • android
  • ios