ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസൈഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ മന്‍ദീപ് സിംഗ് ഇറങ്ങിയത് പിതാവിന്‍റെ മരണവാര്‍ത്തയറിഞ്ഞ് തൊട്ടുപിറ്റേന്ന്. ഏറെനാളായി അസുഖബാധിതനായിരുന്നമന്‍ദീപിന്‍റെ പിതാവ് ഹര്‍ദേവ് സിംഗ് ഇന്നലെയാണ് അന്തരിച്ചത്.

ദുബായില്‍ ടീമിനൊപ്പമായതിനാല്‍ പിതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ നാട്ടിലെത്താനായില്ല. മായങ്ക് അഗര്‍വാളിന് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനൊപ്പം മന്‍ദീപായിരുന്നു ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത്ത്. 14 പന്തില്‍ 17 റണ്‍സെടുത്ത മന്‍ദീപ് പുറത്തായി.

വ്യാഴാഴ്ച തന്നെ ഹര്‍ദേവിന്‍റെ മരണവാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും മന്‍ദീപിന്‍റെ സഹോദരന്‍ ഹര്‍വീന്ദര്‍ സിംഗ് ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മരണം സ്ഥിരീകരിച്ചു. മന്‍ദീപിന്‍റെ പിതാവിനോടുള്ള ആദരസൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് പ‍ഞ്ചാബ് താരങ്ങള്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.  

പിതാവിന്‍റെ വിയോഗത്തിലും പതറാതെ പഞ്ചാബിനായി പാഡുകെട്ടിയ മന്‍ദീപിന്‍റെ അര്‍പ്പണബോധത്തെ പിന്തുണച്ച് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്തു. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിതാവ് രമേശ് ടെന്‍ഡുല്‍ക്കര്‍ മരിച്ചിരുന്നു. പിതാവിന്‍റെ മരണവാര്‍ത്തയറിഞ്ഞ് മുംബൈയിലെത്തി മടങ്ങിയ സച്ചിന്‍ തൊട്ടടുത്ത ദിവസം കെനിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു.