ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ പര്‍പിള്‍ ക്യാപ്പിനായി കനത്ത പോരാട്ടം. സണ്‍റൈസേഴ്‌സിന് എതിരായ നാല് വിക്കറ്റ് നേട്ടത്തോടെ ഡല്‍ഹി കാപിറ്റല്‍സിന്‍റെ കാഗിസോ റബാഡ, മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുമ്രയെ മറികടന്നു. ഫൈനലില്‍ നാളെ ഡല്‍ഹിയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ ആരുടെ തലയിലാവും പര്‍പിള്‍ ക്യാപ്പ് അവസാനിക്കുക എന്നത് വലിയ ആകാംക്ഷ സൃഷ്‌ടിക്കുന്നു. 

ഈ സീസണില്‍ 16 മത്സരങ്ങളില്‍ 29 വിക്കറ്റാണ് കാഗിസോ റബാഡയ്‌ക്കുള്ളത്. രണ്ടാമതുള്ള ജസ്‌പ്രീത് ബുമ്രക്ക് 14 മത്സരങ്ങളില്‍ 27 വിക്കറ്റും. മുംബൈയുടെ തന്നെ ട്രെന്‍ഡ് ബോള്‍ട്ടാണ് 22 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത്. 

സീസണിലെ അവസാന അങ്കത്തിലും മികവ് കാട്ടാനായാല്‍ റബാഡയ്‌ക്കും ബുമ്രക്കും മറ്റൊരു റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരം കൂടി മുന്നിലുണ്ട്. ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഡ്വെയ്‌ന്‍ ബ്രാവോയുടെ റെക്കോര്‍ഡാണ് ഇത്. 2013ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 32 വിക്കറ്റുകള്‍ ബ്രാവോ വീഴ്‌ത്തിയിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ റബാഡയ്‌ക്ക് വീണ്ടുമൊരു നാല് വിക്കറ്റ് പ്രകടനം പുറത്തെടുക്കാനായാല്‍ ബ്രാവോയെ മറികടക്കാം. എന്നാല്‍ അഞ്ച് വിക്കറ്റെങ്കിലും വേണം ബ്രാവോയുടെ ഒപ്പമെത്താന്‍ ബുമ്രക്ക്. 

സീസണിലെ രണ്ടാം ക്വാളിഫയറില്‍ റബാഡ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ നാല് പേരെ പുറത്താക്കിയത്. ഡേവിഡ് വാര്‍ണര്‍, അബ്‌ദുള്‍ സമദ്, റാഷിദ് ഖാന്‍, ശ്രീവാത്സ് ഗോസ്വാമി എന്നിവരുടേതായിരുന്നു വിക്കറ്റുകള്‍. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ നാല് വിക്കറ്റുമായി തകര്‍പ്പന്‍ ഫോമിലാണ് ബുമ്രയും. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഡാനിയേല്‍ സാംസ് എന്നിവരെയാണ് പുറത്താക്കിയത്.  

നാല് വിക്കറ്റുമായി സണ്‍റൈസേഴ്‌സിന്‍റെ കഥകഴിച്ചു; റബാഡ റെക്കോര്‍ഡ് ബുക്കില്‍

Powered by