ദുബായ്: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തോൽവിക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മറ്റൊരു തിരിച്ചടി. ഓൾറൗണ്ടർ മിച്ചൽ മാർഷിന് മത്സരത്തിനിടെ പരുക്കേറ്റു. ബാംഗ്ലൂർ ഇന്നിംഗ്സിലെ അഞ്ചാം ഓവറിൽ പന്ത് എറിയുമ്പോഴായിരുന്നു മാ‍ർഷിന് പരുക്കേറ്റത്. തുടർന്ന് വിജയ് ശങ്കറാണ് ഓവർ പൂ‍ർത്തിയാക്കിയത്. 

കാൽക്കുഴയ്ക്ക് ഏറ്റ പരുക്കുമായി ബാറ്റ് ചെയ്യാനെത്തിയ മാർഷ് ആദ്യ പന്തിൽ തന്നെ പുറത്തായി. പരുക്കേറ്റ കെയ്ൻ വില്യംസൺ ഇന്നലെ ഹൈദരാബാദ് നിരയിൽ ഉണ്ടായിരുന്നില്ല. ഇതിനൊപ്പം മാ‍ർഷിനുകൂടി പരുക്കേറ്റത് ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്. മാര്‍ഷിന്‍റെ പരിക്ക് ഗുരുതരമാവില്ല എന്നാണ് കരുതുന്നതെന്ന് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ മത്സരശേഷം പറഞ്ഞു. പരിക്കേറ്റിട്ടും ബാറ്റിംഗിന് ഇറങ്ങിയ താരത്തെ വാര്‍ണര്‍ പ്രശംസിച്ചു. 

ജയത്തോടെ തുടങ്ങി കോലിപ്പട

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 10 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ജയം. 164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് 15-ാം ഓവറില്‍ 121/2 എന്ന ശക്തമായ നിലയില്‍ നിന്ന് 153 റണ്‍സിന് ഓള്‍ഔട്ടായി. സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 163/5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153ന് ഓള്‍ ഔട്ട്. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹലാണ് കളിയിലെ താരം. വാര്‍ണറുടെ അപ്രതീക്ഷിത ഔട്ടും മിച്ചലിന്‍റെ പരിക്കും സണ്‍റൈസേഴ്‌സിന് തിരിച്ചടിയായി. 

അരങ്ങേറ്റക്കാരൻ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡിവിലിയേഴ്സിന്റെയും അ‍‍ർധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് കരുത്തായത്. ദേവ്ദത്ത് 42 പന്തില്‍ എട്ട് ബൗണ്ടികളോടെ 56 റണ്‍സെടുത്തു. 30 പന്തിൽ 51 റൺസെടുത്ത ഡിവിലിയേഴ്സാണ് സ്കോർ 140 കടത്തിയത്.

ബാംഗ്ലൂരിനെതിരെ എന്തുകൊണ്ട് വില്യംസണ്‍ കളിച്ചില്ല; മറുപടിയുമായി വാര്‍ണര്‍