ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ കണ്ട പ്രധാന അഭാവം കെയ്‌ന്‍ വില്യംസണിന്‍റേതായിരുന്നു. വില്യംസണ്‍ കളിക്കാതിരുന്നതിന്‍റെ കാരണം മത്സരശേഷം നായകന്‍ ഡേവിഡ് വാര്‍ണര്‍ വെളിപ്പെടുത്തി. 

'കെയ്‌ന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. പരിശീലനത്തിനിടെ വില്യംസണിന് പരിക്കേറ്റു. മിച്ചല്‍ മാര്‍ഷിന്‍റെ പരിക്കും തിരിച്ചടിയാണ്. പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങിയ മിച്ചലിന്‍റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രതീക്ഷ' എന്നും വാര്‍ണര്‍ വ്യക്തമാക്കി. 

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂ‍ർ 10 റൺസിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചത്. ബാംഗ്ലൂരിന്റെ 163 റൺസ് പിന്തുട‍ർന്ന ഹൈദരാബാദിന് 153 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ആറു റൺസെടുത്ത ഡേവിഡ് വാർണറുടെ അപ്രതീക്ഷിത വിക്കറ്റ് ഹൈദരാബാദിന് പ്രഹരമായി.

43 പന്തിൽ 61 റൺസെടുത്ത ബെയ്ർസ്റ്റോയുടെ കൂറ്റനടികൾ ബാംഗ്ലൂരിനെ വിറപ്പിച്ചു. ബെയ്ർസ്റ്റോയെയും വിജയ് ശങ്കറെയും അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയ യുസ്‍വേന്ദ്ര ചാഹലാണ് കളി കോലിയുടെ കൈകളിലെത്തിച്ചത്. 34 റൺസെടുത്ത മനീഷ് പാണ്ഡെയ്ക്കും 12 റൺസെടുത്ത പ്രിയം ഗാർഗിനുമല്ലാതെ മറ്റാർക്കും രണ്ടക്കം കാണാനായില്ല. ചാഹലിന് മൂന്നും സെയ്നിക്കും ദുബേയ്ക്കും രണ്ട് വിക്കറ്റ് വീതവും ലഭിച്ചു.

മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡിവിലിയേഴ്സിന്റെയും അ‍‍ർധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് കരുത്തായത്. ദേവ്ദത്ത് എട്ട് ബൗണ്ടികളോടെ 56 നേടി. 30 പന്തിൽ 51 റൺസെടുത്ത ഡിവിലിയേഴ്സാണ് സ്കോർ 140 കടത്തിയത്. ആരോൺ ഫിഞ്ച് 29നും ക്യാപ്റ്റൻ കോലി 14നും മടങ്ങി. 

ദേവ്‌ദത്ത്, എബിഡി, ചാഹല്‍? ആര്‍സിബിയുടെ ജയത്തിന് അവകാശിയാര്

ചെന്നൈയെ പഞ്ചറാക്കാന്‍ സഞ്ജു; ജയത്തോടെ തുടങ്ങാന്‍ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു