ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരം നിരാശയായെങ്കിലും റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരം കളിച്ച താരമെന്ന നേട്ടത്തിലാണ് 'തല' ഇടംപിടിച്ചത്. ചെന്നൈയുടെ തന്നെ താരം സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 

ലീഗില്‍ 194-ാം മത്സരമാണ് ധോണി ഇന്നലെ കളിച്ചത്. 193 മത്സരങ്ങളില്‍ തൊപ്പിയണിഞ്ഞ സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡ് മറികടന്നു. റെക്കോര്‍ഡ് നേട്ടത്തില്‍ ധോണിയെ റെയ്‌ന അഭിനന്ദിച്ചു. ഈ സീസണില്‍ ചെന്നൈ കപ്പുയര്‍ത്തും എന്ന പ്രതീക്ഷയോടെയാണ് ട്വീറ്റ്. 4523 റണ്‍സാണ് ഐപിഎല്‍ കരിയറില്‍ ധോണിയുടെ സമ്പാദ്യം. 84 ആണ് ഉയര്‍ന്ന സ്‌കോര്‍. 174 ഇന്നിംഗ്‌സുകളില്‍ 68 ഇന്നിംഗ്‌സും നോട്ടൗട്ടായിരുന്നു. എന്നാൽ ആകെ ട്വന്‍റി 20യിൽ ധോണി 320ഉം രോഹിത് ശര്‍മ്മ 332ഉം മത്സരം കളിച്ചിട്ടുണ്ട്. 

സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തിനിടെ മറ്റൊരു നാഴികക്കല്ലും ധോണി പിന്നിട്ടു. ഐപിഎല്ലിൽ ധോണി 4500 ക്ലബിലെത്തി. ഇത്രയും റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. വിരാട് കോലി (5430), സുരേഷ് റെയ്‌ന (5368), രോഹിത് ശര്‍മ (5068), ശിഖര്‍ ധവാന്‍ (4648) എന്നിവരാണ് ധോണിക്ക് മുമ്പ് നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാര്‍. ഡേവിഡ് വാര്‍ണര്‍ (4821), എ ബി ഡിവില്ലിയേഴ്‌സ് (4529) എന്നിവരും 4500 കടന്നവരാണ്. 

'ഏറെ ബഹുമാനം'; പൊരിവെയിലത്ത് തളര്‍ന്ന ധോണിയെ ചേര്‍ത്തുനിര്‍ത്തി ശ്രീശാന്തിന്‍റെ വാക്കുകള്‍

Powered by