ദുബായ്: ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. ദുബായില്‍ നടക്കുന്ന മത്സത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ 9 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്കിന്റെ (20) വിക്കറ്റാണ് മുംബൈക്ക് നഷ്ടമയാത്. മാര്‍കസ് സ്‌റ്റോയിനിസിനാണ് വിക്കറ്റ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (40), സൂര്യകുമാര്‍ യാദവ് (17) എന്നിവരാണ് ക്രീസില്‍. 

മികച്ച തുടക്കമാണ് രോഹിത്- ഡി കോക്ക് സഖ്യം മുംബൈക്ക് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്റ്റോയിനിസിന്റെ പന്തില്‍ ഡി കോക്ക് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്. രോഹിത് ഇതുവരെ 27 പന്തില്‍ 40 റണ്‍സെടുത്തിട്ടുണ്ട്. ഇതില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടും. 

നേരത്തെ ശ്രേയസ് അയ്യര്‍ (50 പന്തില്‍ പുറത്താവാതെ 65) ഋഷഭ് പന്ത് (38 പന്തില്‍ 56) എന്നിവരുടെ ഇന്നിങ്‌സാണ് ഡല്‍ഹിക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. സ്‌റ്റോയിനിസ് (0), ശിഖര്‍ ധവാന്‍ (15), അജിന്‍ക്യ രഹാനെ (2), ഷിംറോണ്‍ ഹെറ്റ്മയേര്‍ (5), അക്‌സര്‍ പട്ടേല്‍ (9), കഗിസോ റബാദ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ഡല്‍ഹിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നതാന്‍ കൗള്‍ട്ടര്‍ നൈല്‍ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.