Asianet News MalayalamAsianet News Malayalam

ആദ്യം തകര്‍ന്നു, നാണക്കേടില്‍ നിന്ന് പിടിച്ചുയര്‍ത്തി കറന്‍; ചെന്നൈയ്‌ക്കെതിരെ മുംബൈക്ക് കുറഞ്ഞ വിജയലക്ഷ്യം

52 റണ്‍സ് നേടിയ സാം കറനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ട്,  രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബൂമ്ര, രാഹുല്‍ ചാഹര്‍ എന്നിവരാണ് ചെന്നൈയെ തകര്‍ത്തത്.

IPL 2020 Mumbai Indians need low total vss CSK in Sharja
Author
Sharjah - United Arab Emirates, First Published Oct 23, 2020, 9:22 PM IST

ഷാര്‍ജ: ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 115 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 52 റണ്‍സ് നേടിയ സാം കറനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ട്,  രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബൂമ്ര, രാഹുല്‍ ചാഹര്‍ എന്നിവരാണ് ചെന്നൈയെ തകര്‍ത്തത്. നതാന്‍ കൗള്‍ട്ടര്‍ നൈല്‍ ഒരു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് ബോള്‍ട്ട് നാല് വിക്കറ്റെടുത്തത്. ഐപിഎല്ലില്‍ താരത്തിന്റെ മികച്ച പ്രകടനമാണിത്. 

എം എസ് ധോണി (16), ഷാര്‍ദുല്‍ ഠാകൂര്‍ (11), ഇമ്രാന്‍ താഹിര്‍ (പുറത്താവാതെ 13) എന്നിവരാണ് കറന് പുറമെ ചെന്നൈ നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍. ഋതുരാജ് ഗെയ്കവാദ് (0), അമ്പാട്ടി റായുഡു (2), എന്‍ ജഗദീഷന്‍ (0), ഫാഫ് ഡുപ്ലെസിസ് (1), രവീന്ദ്ര ജഡേജ (7), ദീപക് ചാഹര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പവര്‍പ്ലേയില്‍ തന്നെ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായിട്ടാണ് ചെന്നൈയ്ക്ക് പവര്‍പ്ലേയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുന്നത്. 

ബോള്‍ട്ട് എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത ഓവറില്‍ റായുഡുവും മടങ്ങി. ബൂമ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്. പിന്നാലെയെത്തിയ ജഗദീഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. സ്ലിപ്പില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കുകയായിരുന്നു. 

ഡുപ്ലെസി ആവട്ടെ തൊട്ടടുത്ത ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ജഡേജയ്ക്ക് ആറ് പന്ത് മാത്രമായിരുന്നു ആയുസ്. ബോള്‍ട്ടിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളില്‍ ഒതുങ്ങി. രാഹുല്‍ ചാഹറിനെ തുടര്‍ച്ചയായി വലിയ ഷോട്ട് കളിക്കാന്‍ ശ്രമിക്കന്നതിനിടെ ധോണി ഡി കോക്കിന് ക്യാച്ച് നല്‍കി. 

ചാഹറിനെ രാഹുലിന്റെ പന്തില്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഠാകൂര്‍ കൗട്ടര്‍നൈലിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി. ഇന്ന് ജയിച്ചെങ്കില്‍ മാത്രമെ സിഎസ്‌കെയ്ക്ക് ടൂര്‍ണമെന്റില്‍ എന്തെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുള്ളു. തോറ്റാല്‍ പ്ലേഓഫ് കാണാതെ പുറത്തുപോവം. മുംബൈ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. നേരത്തെ പരിക്കേറ്റ രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇറങ്ങിയത്. കീറണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios