അബുദാബി: രോഹിത് ശര്‍മ ഒടുവില്‍ ഫോമിലായപ്പോള്‍ ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും പൊള്ളാര്‍ഡിന്‍റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെയും  മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.

തകര്‍ച്ചയോടെ തുടങ്ങി

ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പറഞ്ഞ രോഹിത്തിന് പക്ഷെ ആശിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ക്വിന്‍റണ്‍ ഡീകോക്കിനെ(0) ഷെല്‍ഡണ്‍ കോട്രല്‍ ബൗള്‍ഡാക്കി. പതുക്കെ തുടങ്ങിയ രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്കോര്‍ 20 കടത്തിയപ്പോഴേക്കും റണ്ണൗട്ടിന്‍റെ രൂപത്തില്‍ സൂര്യകുമാര്‍ യാദവ്(10) പുറത്തായി.

ഇഷാന്‍ കിഷനുമൊത്ത് വമ്പന്‍ സ്കോറിനുള്ള അടിത്തറയൊരുക്കിയ ഹിറ്റ്മാന്‍  മുംബൈയെ മുന്നോട്ട് നയിച്ചു. 32 പന്തില്‍ 28 റണ്‍സടിച്ച ഗൗതം പുറത്താക്കി. പിന്നാലെയെത്തിയ കീറോണ്‍ പൊള്ളാര്‍ഡിനൊപ്പം രോഹിത് ഇന്നിംഗ്സ് ടോപ് ഗിയറിലാക്കിയതോടെ മുംബൈ സ്കോര്‍ കുതിച്ചു.

എന്നാല്‍ പതിനേഴാം ഓവരില്‍ മുഹമ്മദ് ഷമിയെ സിക്സറടിക്കാനുള്ള രോഹിത്തിന്‍റെ ശ്രമം ബൗണ്ടറിയില്‍ ഗ്ലെന്‍ മാക്സ്‌വെല്ലും ജിമ്മി നീഷാമും ഒത്തുപിടിച്ചു. ക്യാച്ചെടുത്ത് ബൗണ്ടറക്ക് പുറത്തേക്ക് വീഴാനൊരുങ്ങിയ മാക്സ്‌വെല്‍ പന്ത് നീഷാമിന് ഇട്ടുകൊടുക്കുകയായിരുന്നു.

അവസാനം ആളിക്കത്തി

അവസാന ഓവറുകളില്‍ ഹര്‍ദ്ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ആഞ്ഞടിച്ചതോടെ മുംബൈ സ്കോര്‍ കുതിച്ചു. അവസാന അഞ്ചോവറില്‍ 91 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ജിമ്മി നീഷാം എറിഞ്ഞ പതിനെട്ടാം ഓവറില്‍ 18ഉം മുഹമ്മദ് ഷമി എറിഞ്ഞ 19-ാം ഓവറില്‍ 19ഉം റണ്‍സടിച്ച മുംബൈ കൃഷ്ണപ്പ ഗൗതം എറിഞ്ഞ ഇരുപതാം ഓവറില്‍ 25 റണ്‍സടിച്ചു.

മുംബൈ ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തും സിക്സിന് പറത്തിയ പൊള്ളാര്‍ഡ് 20 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 11 പന്തില്‍ 30 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയും മിന്നി. പഞ്ചാബിനായി കോട്രല്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.