അബുദാബി: ഐപിഎല്ലില്‍ ആന്ദ്രെ റസലിന്റെ മോശം പ്രകടനം തുടരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ ക്രീസിലെത്തിയ റസല്‍ ഇത്തവണയെങ്കിലും രക്ഷകനാകുമെന്ന പ്രതീക്ഷ തെറ്റി.

ക്രുനാല്‍ പാണ്ഡ്യയെ സിക്സിന് പറത്തിയ റസല്‍ നല്ല രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ റസല്‍ ക്രീസിലെത്തിയതോടെ മുംബൈ നായകന്‍ രോഹിത് ശര്‍മ തന്‍റെ വജ്രായുധം പുറത്തെടുത്തു. റസലിനായി കരുതിവെച്ച ബുമ്രയെ പന്തേല്‍പ്പിച്ചു.

ബുമ്രക്കെതിരെ തകര്‍പ്പന്‍ ബൗണ്ടറി നേടിയ റസല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണെന്ന് തോന്നിച്ചു. എന്നാല്‍ ബുമ്രയുടെ തകര്‍പ്പന്‍ ബൗണ്‍സറിന് മുന്നില്‍ ഒഴിഞ്ഞുമാറാന്‍ പോലും കഴിയാതെ റസല്‍ വീണ്ടും തകുനിച്ചു. റസലിന്‍റെ ബാറ്റില്‍ തട്ടിയുയര്‍ന്ന പന്ത് വിക്കറ്റിന് പിന്നില്‍ ഡീകോക്ക് അനായാസം കൈയിലൊതുക്കി. ആറ് ഇന്നിംഗ്സുകളില്‍ ഇത് മൂന്നാം തവണയാണ് ബുമ്ര, റസലിനെ വീഴ്ത്തുന്നത്.